റിയാദ്: സൗദി അറേബ്യയിൽ നാല് പതിറ്റാണ്ടുകാലം പ്രവാസിയായിരുന്ന പ്രമുഖ മലയാളി സംരംഭകനും ജീവകാരുണ്യ പ്രവർത്തകനുമായ സ്റ്റീഫൻ ജോസഫ് (61) അന്തരിച്ചു. കോട്ടയം വൈലപ്പള്ളിമറ്റം കുടുംബാംഗമായ അദ്ദേഹം, രോഗബാധിതനായതിനെ തുടർന്ന് ഒരാഴ്ച മുൻപാണ് നാട്ടിലെത്തിയത്. കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു അന്ത്യം. കഴിഞ്ഞ 40 വർഷമായി റിയാദിലെ ബത്തയിൽ അപ്പോളോ ഡിമോറോ ബിൽഡിംഗിൽ റോളക്സ് ട്രാവൽസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു അദ്ദേഹം. റിയാദിന് സമീപമുള്ള മറാത്തിൽ കുടുംബസമേതമായിരുന്നു താമസം. ഇടയ്ക്കിടെ ചികിത്സയ്ക്കായി നാട്ടിൽ പോയി വരാറുണ്ടായിരുന്ന അദ്ദേഹം ആഗോള പ്രവാസി സംഘടനയായ പി.എം.എഫ് സൗദി ഗ്ലോബൽ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.
മറാത്ത് ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ഷിക്കു സ്റ്റീഫനാണ് ഭാര്യ. മക്കൾ: സ്റ്റാൻലി സ്റ്റീഫൻ (റിയാദ്), സ്റ്റെസ്‌ലി സ്റ്റീഫൻ (സ്റ്റാഫ് നഴ്‌സ്, അൽ മീശാരി ആശുപത്രി, റിയാദ്), തോമസ് (ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ, മജ്മ). മരുമകൾ: റിയ. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും.






