തിരുവനന്തപുരം: കടയ്ക്കാവൂരിൽ കൊലക്കേസ് പ്രതിയായ കടകംപള്ളി ബിജു കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വഴിത്തിരിവ്. ബിജുവിന്റെ തലയ്ക്ക് പിന്നിൽ വെട്ടിയത് താനാണെന്ന് കേസിലെ മുഖ്യപ്രതി മുകേഷ് മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിച്ചിരുന്ന പ്രദേശവാസിയായ മഹിക്ക് കേസുമായി ബന്ധമില്ലെന്നും പൊലീസ് വ്യക്തമാക്കി.
കൊലപാതകത്തിൽ മുകേഷിനൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പ്രതികളെക്കൂടി പൊലീസ് പിടികൂടി. പ്രദേശവാസികളായ മൊട്ട പ്രദീപ്, ശൈലേഷ് എന്നിവരാണ് അറസ്റ്റിലായത്.
ബിജുവിന്റെ മൃതദേഹം കണ്ടെത്തിയ വയലിന് സമീപത്തെ വീട്ടിൽവെച്ചാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കസ്റ്റഡിയിലുള്ള പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തി. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കണ്ടെത്തിയ വയലിന് സമീപമുള്ള സ്ഥലങ്ങളിലും വീടുകളിലും ശാസ്ത്രീയ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്.


