ന്യൂഡല്‍ഹി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങള്‍ പുറത്ത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി (ശരദ് പവാര്‍ വിഭാഗം), ശിവസേന (യുബിടി) തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളാണ് ചിത്രം പങ്കുവെച്ച് ഹര്‍ദീപ് സിങ് പുരിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. മന്ത്രി മുമ്പ് പറഞ്ഞത് കള്ളമാണെന്നും നേതാക്കള്‍ ആരോപിച്ചു.
എപ്സ്റ്റീനെ താന്‍ ഒരിക്കലും നേരിട്ട് ഒറ്റയ്ക്ക് കണ്ടിട്ടില്ലെന്നും ഒരു പ്രതിനിധി സംഘത്തിന്റെ ഭാഗമായി മാത്രമാണ് കണ്ടിട്ടുള്ളതെന്നുമാണ് ഹര്‍ദീപ് സിങ് പുരി നേരത്തെ പറഞ്ഞിരുന്നത്. ചിത്രങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍, സ്വകാര്യ കൂടിക്കാഴ്ചയെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ആര്‍എസ്എസും വലതുപക്ഷവും സ്ത്രീകളെ തുല്യരായി പരിഗണിക്കില്ലെന്നതിന് വേറെ എന്തെങ്കിലും തെളിവ് വേണോയെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥെ എക്സില്‍ കുറിച്ചു. പ്രധാനമന്ത്രി എങ്ങനെയുള്ള ആളുകളെയാണ് ഒപ്പം നിര്‍ത്താന്‍ ഇഷ്ടപ്പെടുന്നതെന്നും ഇതിലൂടെ വ്യക്തമായെന്ന് കോണ്‍ഗ്രസ് നേതാവ് സുപ്രിയ പരിഹസിച്ചു.




