ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ വീഴ്ത്തി രാജസ്ഥാന് റോയല്‍സിന് വിജയത്തുടക്കം. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് രാജസ്ഥാന്റെ ജയം. സൂപ്പര്‍ കിംഗ്സിനെ 127 റണ്‍സിന് ഓള്‍ഔട്ടാക്കിയ രാജസ്ഥാന് 12.1 ഓവറില്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി.
രാജസ്ഥാന് വേണ്ടി വൈഭവ് സൂര്യവംശി വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടി. 17 പന്തില്‍ 52 റണ്‍സെടുത്താണ് വൈഭവ് മടങ്ങിയത്. അഞ്ച് സിക്സറും നാലു ഫോറും വൈഭവ് നേടി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ തകര്‍ന്നടിയുകയായിരുന്നു. ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ മലയാളി താരം സഞ്ജു സാംസണ് (6) അടക്കമുള്ള ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. അവസാന ഓവറില്‍ തകര്‍ത്തടിച്ച ജാമി ഓവര്‍ട്ടണാണ് സിഎസ്കെയെ 120 കടത്തിയത്. 36 പന്തില്‍ 43 റണ്‍സെടുത്ത ഓവര്‍ട്ടണാണ് ചെന്നൈയുടെ ടോപ് സ്കോറര്‍.




