ദുബായ്: ഐസിസി പുരസ്കാരത്തിനുള്ള ചുരുക്കപട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് ഇന്ത്യൻ താരങ്ങൾ. ലോകകപ്പിലെ തകർപ്പൻ പ്രകടനങ്ങളിലൂടെ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച മലയാളി താരം സഞ്ജു സാംസൺ, ജസ്പ്രീത് ബുംറ എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ താരങ്ങൾ.ഐപിഎൽ നിരാശക്കിടെയാണ് സഞ്ജു സാംസണെ തേടി സന്തോഷ വാർത്ത എത്തിയിരിക്കുന്നത്. ലോകകപ്പിന്റെ തുടക്കത്തിൽ പുറത്തിരിക്കേണ്ടി വന്നെങ്കിലും സൂപ്പർ 8 ഘട്ടം മുതൽ ടീമിലെത്തിയ സഞ്ജു ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ സൂപ്പര്‍ 8 പോരാട്ടത്തില്‍ 97 റൺസുമായി പുറത്താകാതെ നിന്ന് ടീമിന്റെ വിജയശില്പിയായ സഞ്ജു, സെമിയിലും ഫൈനലിലും 89 റൺസ് വീതം നേടി ടീമിന്റെ ടോപ് സ്കോററായി മാറി. മൂന്ന് മത്സരങ്ങളിൽ നിന്നായി 137.50 ശരാശരിയിലും 200ന് അടുത്ത് പ്രഹരശേഷിയിലും 275 റൺസാണ് സഞ്ജു നേടിയത്. ഈ പ്രകടനം ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്കാരവും നേടിക്കൊടുത്തു. ദക്ഷിണാഫ്രിക്കയുടെ യുവതാരം കോണർ എസ്റ്റർഹൂയിസനാണ് പട്ടികയിലെ മൂന്നാമൻ.




