പാലക്കാട്: ദളിത് യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി വത്സൻെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പീഡനത്തിനും എസ്.സി- എസ്.ടി പീഡന നിരോധന നിയമപ്രകാരം വിവിധ വകുപ്പുകളും ചുമത്തിയാണ് കേസ് എടുത്തത്. നിലവിൽ പ്രശോഭ് ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. പീഡനം തെളിയിക്കുന്ന ദൃശ്യങ്ങൾ യുവതി പൊലീസിന് കൈമാറിയതായും വിവരം. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ് എടുത്തത്.
ജോലി വാഗ്ദാനം ചെയ്ത് പലവട്ടം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കൂടാതെ ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരുമായി അടുത്ത ബന്ധമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. അതേസമയം പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ അറിയിച്ചു. കൗൺസിലർ സ്ഥാനവും രാജിവെക്കണമെന്ന് പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം തെരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണ വിഷയമാക്കാനാണ് എൽഡിഎഫും എൻഡിഎയും തീരുമാനിച്ചത്. എന്നാൽ, ഇത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടി പ്രതികരിച്ചു.




