സോളാർ പാനലുകൾ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് മൈക്ക് സെറ്റ്, ആംപ്ലിഫയർ തുടങ്ങിയ പ്രചാരണ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാവുന്ന പുതിയ സംവിധാനവുമായി ശ്യാംകുമാർ. അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയും പ്രകൃതി സൗഹൃദമായ പ്രചാരണ മാർഗം ഒരുക്കുകയും ചെയ്യുന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന നേട്ടം.
വെയിലുള്ള സമയങ്ങളിൽ നേരിട്ട് സോളാർ വൈദ്യുതി ഉപയോഗിക്കുകയും, മറ്റ് സമയങ്ങളിൽ ബാറ്ററിയിൽ സംഭരിച്ച വൈദ്യുതി ഉപയോഗിക്കുകയും ചെയ്യാം. ഏകദേശം പത്ത് മണിക്കൂർ വരെ വൈദ്യുതി സംഭരിക്കാനാകും.
വർഷങ്ങളായുള്ള അധ്യാപന പരിചയമുള്ള ശ്യാംകുമാർ, നിലവിൽ ഐ.എക്സ് ഗ്രീൻ കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളിലെ ജനറേറ്ററുകൾ മൂലം ഉണ്ടാകുന്ന മലിനീകരണം കുറയ്ക്കാൻ ഈ സംവിധാനം സഹായകരമാകും. റെക്കോർഡഡ് സന്ദേശങ്ങളും മൊബൈൽ അനൗൺസ്മെന്റുകളും ഇതിലൂടെ എളുപ്പത്തിൽ പ്രക്ഷേപണം ചെയ്യാം.
ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് അനുയോജ്യമായ രീതിയിലാണ് സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതുവഴി കുറഞ്ഞ ചെലവിൽ പ്രചാരണ വാഹനങ്ങൾ പ്രവർത്തിപ്പിക്കാനും ഒരാൾക്ക് മാത്രം നിയന്ത്രിക്കാനും കഴിയും. നിലവിൽ മാതൃകാ രൂപം തയ്യാറാക്കിയിട്ടുണ്ടെന്നും, ഭാവിയിൽ തിരഞ്ഞെടുപ്പുകളിൽ വ്യാപകമായി ഉപയോഗിക്കാനാകുമെന്നും ശ്യാംകുമാർ പറയുന്നു.
ഏകദേശം ഒരു ലക്ഷം രൂപയാണ് നിർമ്മാണച്ചെലവ്. തിരുവനന്തപുരത്തെ ട്രിവാൻഡ്രം എൻജിനിയറിംഗ് സയൻസ് ആൻഡ് ടെക്നോളജി റിസർച്ച് പാർക്കിലാണ് ശ്യാംകുമാറിന്റെ സ്ഥാപനം പ്രവർത്തിക്കുന്നത്.




