ദുബായ്: സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ദുബായിലെ പ്രമുഖ ഹൈന്ദവ ക്ഷേത്രങ്ങളും ഗുരുദ്വാരകളും ക്രൈസ്തവ ദേവാലയങ്ങളും താൽക്കാലികമായി അടച്ചുപൂട്ടാൻ അധികൃതർ നിർദ്ദേശം നൽകി. ഏപ്രിൽ 3 വെള്ളിയാഴ്ച മുതൽ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് യുഎഇ അധികൃതർ ഇത്തരമൊരു തീരുമാനമെടുത്തത്.
ജെബൽ അലിയിലെ പുതിയ ഹിന്ദു ടെമ്പിൾ കോംപ്ലക്സ്, ബർ ദുബായിലെ പ്രശസ്തമായ ശ്രീ കൃഷ്ണ ക്ഷേത്രം എന്നിവ വെള്ളിയാഴ്ച മുതൽ ഭക്തർക്കായി തുറക്കില്ലെന്ന് ക്ഷേത്രം മാനേജ്‌മെന്റുകൾ ഔദ്യോഗികമായി അറിയിച്ചു. ക്ഷേത്രങ്ങൾക്ക് പുറമെ വിവിധ ഗുരുദ്വാരകൾക്കും ക്രൈസ്തവ ദേവാലയങ്ങൾക്കും ഈ നിർദ്ദേശം ബാധകമാണ്. നിലവിലെ സാഹചര്യം പരിഗണിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്നതിനും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുമാണ് ഈ നടപടിയെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.
വിശ്വാസികളുടെയും സന്ദർശകരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും, അധികൃതരുടെ നിർദ്ദേശങ്ങളോട് എല്ലാവരും പൂർണ്ണമായി സഹകരിക്കണമെന്നും ആരാധനാലയ ഭാരവാഹികൾ അഭ്യർത്ഥിച്ചു. ദർശനത്തിനും പ്രാർത്ഥനകൾക്കുമായി എത്തുന്നവർക്ക് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളിൽ ഖേദം പ്രകടിപ്പിക്കുന്നതായും, ആരാധനാലയങ്ങൾ വീണ്ടും തുറക്കുന്നത് സംബന്ധിച്ച അറിയിപ്പ് പിന്നീട് നൽകുമെന്നും അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തത വരാനിരിക്കുന്നതേയുള്ളൂ.




