കൊച്ചി: കൊച്ചി മുസ്രിസ് ബിനാലെയുടെ ആറാം പതിപ്പ് സമാപിച്ചു. ഏകദേശം ഏഴ് ലക്ഷത്തോളം സന്ദർശകർക്ക് കലാവിരുന്നൊരുക്കിയ ശേഷമാണ് ബിനാലെ കൊടിയിറങ്ങിയത്. ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യവേദിയായ ആസ്പിൻവാളിൽ ക്യൂറേറ്റർ നിഖിൽ ചോപ്ര ബിനാലെയുടെ സമാപനം പ്രഖ്യാപിച്ചു. അവസാന ദിനമായതിനാൽ പ്രവേശനം സൗജന്യമായിരുന്നു. വൈകിട്ട് അഞ്ചുവരെ വിവിധ വേദികളിൽ പ്രവേശനം അനുവദിച്ചു. വൈകിട്ട് ഏഴിന് ദർബാർ ഹാളിൽ ഔദ്യോഗിക സമാപനച്ചടങ്ങ് നടന്നു. അടുത്ത, ഏഴാം പതിപ്പ് 2027 ഡിസംബർ 12ന് ആരംഭിക്കും.
110 ദിവസം നീണ്ടുനിന്ന ഈ കലാമേളയിൽ കൂടുതൽ ജനകീയമായ കലാവിഷ്കാരങ്ങൾ ശ്രദ്ധ നേടി. 22 വേദികളിലായി പരിപാടികൾ സംഘടിപ്പിച്ചു. കൊച്ചി, മട്ടാഞ്ചേരി എന്നിവയ്ക്കൊപ്പം ഇത്തവണ വില്ലിംഗ്ടൺ ഐലൻഡും വേദിയായി ഉൾപ്പെടുത്തിയതോടെ കൂടുതൽ ആളുകൾ എത്തി. സാമ്പത്തിക പ്രതിസന്ധികളെ അതിജീവിച്ചാണ് ഈ പതിപ്പ് പൂർത്തിയായത്.
അതേസമയം, കലയോടൊപ്പം വിവാദങ്ങളും ആറാം പതിപ്പിൽ ഇടംപിടിച്ചു. ബിനാലെയുടെ നേതൃത്വത്തിലുള്ള ബോസ് കൃഷ്ണമാചാരി നേരിട്ട ലൈംഗിക പീഡനാരോപണത്തെ തുടർന്ന് സ്ഥാനമൊഴിഞ്ഞിരുന്നു. പോഷ് നിയമത്തിന്റെ പരിധിയിലുള്ള പരാതിയുടെ പശ്ചാത്തലത്തിലായിരുന്നു രാജി. ബിനാലെ അവസാനിക്കാനിരിക്കെയാണ് ഈ വിവരം പുറത്തുവന്നത്.




