പത്തനംതിട്ട: ആറന്മുള മണ്ഡലത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ ആശാ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത്. ‘ആശാ സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല’ എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രചാരണം നടക്കുന്നത്. ആശാ സമര നേതാവായ എസ് മിനിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
തിരഞ്ഞെടുപ്പിൽ ഒരു മുന്നണിയെയും പിന്തുണയ്ക്കില്ലെന്നും, തൊഴിലാളിവിരുദ്ധവും സ്ത്രീവിരുദ്ധവുമായ നിലപാട് സ്വീകരിക്കുന്ന സർക്കാരിന് വോട്ട് നൽകരുതെന്നുമാണ് ഇവരുടെ നിലപാട്. തിരുവനന്തപുരത്ത് 266 ദിവസം സമരം നടത്തിയിട്ടും ആവശ്യങ്ങൾ പരിഗണിച്ചില്ലെന്നും മന്ത്രി വഞ്ചിച്ചുവെന്നും പ്രവർത്തകർ ആരോപിച്ചു.
ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ വേതനം ഇതുവരെ ലഭിച്ചിട്ടില്ലെന്നും, കേന്ദ്ര സർക്കാർ നൽകുന്ന ഇൻസെന്റീവിന് മേൽ നിബന്ധനകൾ ഏർപ്പെടുത്തിയതിലൂടെ പലർക്കും കുറഞ്ഞ തുകയാണ് ലഭിക്കുന്നതെന്നും എസ്. മിനി പറഞ്ഞു. ആരോഗ്യ വകുപ്പിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്നവരെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച ആശാ പ്രവർത്തകർ, ജനാധിപത്യത്തിൽ വോട്ട് ചെയ്യാനും വോട്ട് ചെയ്യരുതെന്ന് പറയാനും തങ്ങൾക്ക് അവകാശമുണ്ടെന്നും വ്യക്തമാക്കി.



