തൃശൂര്‍: തൃശൂര്‍ പൂരത്തിനു തിങ്കളാഴ്ച്ച കൊടിയേറും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും 20ന് കൊടിയേറും. തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11നും 11.30 ഇടയ്ക്കാണു കൊടിയേറ്റം. കൊടിയേറ്റിന് ശേഷം ഉച്ചയ്ക്കു 3ന് ക്ഷേത്രത്തില്‍ നിന്നു പൂരം പുറപ്പാട്. ഒരാനപ്പുറത്തുള്ള എഴുന്നള്ളിപ്പ് ഷൊര്‍ണൂര്‍ റോഡ് വഴി നായ്ക്കനാലിലെത്തും. തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റും.
പാറമേക്കാവ് ക്ഷേത്രത്തില്‍ 20ന് 11.30നാണ് പൂരം കൊടിയേറ്റ്. രാവിലെ 11ന് നടക്കുന്ന വലിയപാണിക്കു ശേഷം പുറത്തേക്ക് എഴുന്നള്ളിക്കുന്ന ഭഗവതിയെ സാക്ഷിയാക്കി ദേശക്കാര്‍ കൊടി ഉയര്‍ത്തും.
ഏപ്രില്‍ 26നാണ് തൃശൂര്‍ പൂരം. തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ ആനച്ചമയ പ്രദര്‍ശനത്തിനു 24ന് തുടക്കമാകും. അന്ന് തന്നെ രാത്രി 7ന് സാംപിള്‍ വെടിക്കെട്ടും നടക്കും. 25ന് നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിലെത്തി തെക്കേഗോപുര നടയിലൂടെ പുറത്തിറങ്ങുന്ന പൂരം വിളംബരം ചടങ്ങ്. 26ന് രാവിലെ ഘടക ക്ഷേത്രങ്ങളുടെ പൂരം വരവ്, മഠത്തില്‍വരവ് പഞ്ചവാദ്യം, ഇലഞ്ഞിത്തറ മേളം, കുടമാറ്റം എന്നിവയും പുലര്‍ച്ചെ പ്രധാന വെടിക്കെട്ടും. 27ന് പകല്‍പൂരവും തുടര്‍ന്നു ഉപചാരം ചൊല്ലല്‍. രാത്രി ആറാട്ടിനും മേളത്തിനും ശേഷം പൂരം കൊടിയിറങ്ങും.




