തൃശൂര്‍: വാടാനപ്പള്ളിയിലെ ഭക്ഷ്യക്കിറ്റ് വിവാദം ചൂടുപിടിക്കുന്നു. ബിജെപി കിറ്റ് തയാറാക്കിയതിന് തെളിവുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിഎന്‍ പ്രതാപന് ആരോപിക്കുന്നു. ബിജെപിയുമായി താന്‍ നിരന്തരം പോരാട്ടത്തിലാണെന്നും സുരേഷ് ഗോപിയെ 2019ല്‍ പരാജയപ്പെടുത്തിയ തന്നെ ലോക്സഭയില്‍ നിന്ന് 5 വട്ടം സസ്പെന്‍ഡ് ചെയ്താണ് ബിജെപി പകവീട്ടിയതെന്നും പ്രതാപന് പറയുന്നു.
എന്നാല്‍ പ്രതാപന്റേത് ശൂന്യതയില്‍ നിന്നുള്ള നാടകമാണെന്നും ഒരു കിറ്റ് ബിജെപി നല്‍കിയെന്ന് തെളിയിച്ചാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്നും മണലൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ.കെ. അനീഷ്കുമാര്‍ തിരിച്ചടിച്ചു. കിറ്റ് സംബന്ധിച്ച ആരോപണങ്ങള്‍ അന്വേഷിക്കട്ടെയെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.




