ഫ്ലോറിഡ: മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആർട്ടെമിസ് പദ്ധതിയിലെ രണ്ടാം ദൗത്യമായ ആർട്ടെമിസ് 2 നാളെ വിക്ഷേപിക്കും. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് എസ്എൽഎസ് റോക്കറ്റ് ഇന്ത്യൻ സമയം പുലർച്ചെ 3.54ന് പറക്കും. നാല് യാത്രികരാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്. റീഡ് വൈസ്‌മാൻ (കമാൻഡർ), വിക്‌ടർ ഗ്ലോവർ (പൈലറ്റ്), ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസെൻ (മിഷൻ സ്പെഷ്യലിസ്റ്റുകൾ) എന്നിവരാണ് സംഘാംഗങ്ങൾ.
ഭൂമിയിൽ നിന്ന് പുറപ്പെട്ട് ചന്ദ്രനെ ചുറ്റി 10 ദിവസത്തിനകം തിരികെ എത്തുകയാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. 1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം മനുഷ്യരെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കൊണ്ടുപോകുന്ന ആദ്യ ദൗത്യമാണ് ഇത്. ആർട്ടെമിസ് 2-ൽ ഒറൈയോൺ പേടകം ചന്ദ്രനെ ചുറ്റി ഭൂമിയിലേക്ക് മടങ്ങും. 2022-ൽ നടന്ന ആർട്ടെമിസ് 1 ദൗത്യം ആളില്ലാതെ വിജയകരമായി പൂർത്തിയാക്കിയിരുന്നു.
322 അടി ഉയരമുള്ള എസ്എൽഎസ് റോക്കറ്റാണ് ഈ ദൗത്യത്തിന് ഉപയോഗിക്കുന്നത്. സാങ്കേതിക പ്രശ്നങ്ങൾ കാരണം വിക്ഷേപണം ഏപ്രിലിലേക്ക് മാറ്റിയിരുന്നു. ഭാവിയിൽ നടക്കുന്ന ആർട്ടെമിസ് 3 ദൗത്യത്തിലൂടെയാണ് മനുഷ്യൻ വീണ്ടും ചന്ദ്രോപരിതലത്തിൽ ഇറങ്ങുക. ഇതിനിടെ ചൈനയും ചന്ദ്രനിലേക്കുള്ള മനുഷ്യ ദൗത്യത്തിന് തയ്യാറെടുക്കുകയാണ്.




