കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. പറവൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിനെതിരായ ശക്തമായ പ്രതിഷേധവും യുഡിഎഫിനോടുള്ള പ്രതീക്ഷയും ജനങ്ങളിൽ ഉണ്ടെന്ന് സതീശൻ വ്യക്തമാക്കി. യുഡിഎഫ് അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് വലിയ മാറ്റമുണ്ടാകുമെന്ന വിശ്വാസമാണ് ജനങ്ങൾക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെതിരെ മുന്നോട്ടുവച്ച കുറ്റപത്രം ജനങ്ങൾ തന്നെ വിലയിരുത്തി വിധി പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോളിംഗ് കഴിഞ്ഞാൽ കൃത്യമായ സീറ്റുകൾ പറയാമെങ്കിലും, നൂറിലധികം സീറ്റുകളിൽ വിജയം ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഡസൺ മന്ത്രിമാർ വരെ പരാജയപ്പെടാമെന്നും അദ്ദേഹം പ്രവചിച്ചു. സംസ്ഥാനത്തെ പല ജില്ലകളിലും യുഡിഎഫിന് അനുകൂല സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ഫണ്ട് വിവാദത്തിലും സതീശൻ പ്രതികരിച്ചു. ബാങ്ക് സ്റ്റേറ്റ്മെന്റുകൾ ഉൾപ്പെടെ എല്ലാ വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ടെന്നും, കെപിസിസിയും എഐസിസിയും വീടുകൾ നിർമിക്കാൻ സഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു. സിപിഎം വ്യാജപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.




