ന്യൂഡൽഹി: ഇടുക്കി ജില്ലയിലെ വട്ടവടയിലെ ചിലന്തിയാർ ചെക്ക് ഡാം നിർമാണത്തിൽ ദേശീയ ഹരിത ട്രിബ്യൂണൽ ഇടപെട്ടതിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എസ്. ജയതിലക് സമർപ്പിച്ച ഹർജിയിലാണ് ട്രിബ്യൂണലിന്റെ അധികാരം ചോദ്യം ചെയ്തിരിക്കുന്നത്.
അന്തർസംസ്ഥാന നദീജല തർക്കങ്ങളിൽ ഇടപെടാൻ ദേശീയ ഹരിത ട്രിബ്യൂണലിന് അധികാരമില്ലെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. വട്ടവട പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനാണ് ചെക്ക് ഡാം പദ്ധതി ലക്ഷ്യമിടുന്നതെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി.
ജൽ ജീവൻ മിഷന്റെ ഭാഗമായ ഈ പദ്ധതിയിലൂടെ 2850 കുടുംബങ്ങൾക്ക് ശുദ്ധജലം ലഭിക്കുമെന്നാണ് ഹർജിയിൽ പറയുന്നത്. പദ്ധതിക്ക് പ്രത്യേക പരിസ്ഥിതി അനുമതി ആവശ്യമില്ലെന്നും കേരളം വ്യക്തമാക്കുന്നു.
അതേസമയം, ചിലന്തിയാർ ചെക്ക് ഡാം നിർമാണം പൂർത്തിയായാൽ തമിഴ്നാട്ടിലെ അമരാവതി അണക്കെട്ടിലേക്കുള്ള ജലപ്രവാഹം കുറയാമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ദേശീയ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസ് എടുത്തിരുന്നു. അമരാവതി ഡാമിൽ നിന്നുള്ള ജലം തിരുപ്പൂർ, കരൂർ ജില്ലകളിലെ ഏകദേശം 55,000 ഏക്കർ കൃഷിയിടങ്ങൾക്ക് ആശ്രയമായതിനാൽ ജലപ്രവാഹം കുറയുന്നത് പ്രശ്നമാകുമെന്ന് തമിഴ്നാട് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
കാവേരി നദീജല തർക്ക ട്രിബ്യൂണൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രശ്നം പരിഹരിക്കാൻ ഇരു സംസ്ഥാനങ്ങളും ചർച്ച നടത്തണമെന്നായിരുന്നു ട്രിബ്യൂണലിന്റെ നിർദേശം. ചർച്ചകൾ നടന്നെങ്കിലും അന്തിമപരിഹാരം ഉണ്ടായില്ല.
ഇരുസംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഷയം സുപ്രീം കോടതിയിലെത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്.




