ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ് തമിഴ്നാട്ടിൽ രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കും. പെരമ്പൂരും തിരുച്ചിറപ്പള്ളി ഈസ്റ്റും സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു. ടിവികെ സ്ഥാനാർഥികൾക്ക് ലഭിക്കുന്ന ഓരോ വോട്ടും തനിക്കുള്ള പിന്തുണയായി കാണണമെന്നും, എല്ലാവരെയും വിജയിപ്പിക്കണമെന്നും വിജയ് അഭ്യർത്ഥിച്ചു.
തനിക്കെതിരായ അനീതികൾക്ക് മറുപടി നൽകാനും തമിഴ്നാടിന്റെ ഭാവിക്കായി വോട്ട് ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ലഹരിമുക്ത തമിഴ്നാട്, ഉന്നത വിദ്യാഭ്യാസത്തിന് 20 ലക്ഷം രൂപ സഹായം എന്നിവയാണ് പ്രധാന വാഗ്ദാനങ്ങൾ.
വടക്കൻ ചെന്നൈയിലെ ഡിഎംകെയുടെ ശക്തികേന്ദ്രമാണ് പെരമ്പൂർ. 2021ലെ തിരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് ഇവിടെ 54,976 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. നിലവിലെ എംഎൽഎ ആർ.ഡി. ശേഖർ വീണ്ടും മത്സരിക്കുന്നു. 1967ന് ശേഷം പെരമ്പൂരിൽ എഐഎഡിഎംകെ രണ്ടുതവണ മാത്രമാണ് വിജയിച്ചത്. ഇത്തവണ എഐഎഡിഎംകെ മുന്നണിയിൽ പിഎംകെ സ്ഥാനാർഥിയാണ് മത്സരിക്കുന്നത്. 2,22,792 വോട്ടർമാരുള്ള ഈ മണ്ഡലം ചെന്നൈയിൽ ഏറ്റവും വലുതാണ്.
2011ൽ രൂപീകൃതമായ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ 2011, 2016 തെരഞ്ഞെടുപ്പുകളിൽ എഐഎഡിഎംകെ ജയിച്ചിരുന്നു. എന്നാൽ 2021ൽ ഡിഎംകെയ്ക്ക് 53,797 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. ഈ രണ്ട് മണ്ഡലങ്ങളിലുമുള്ള മത്സരമാണ് ഇത്തവണ ശ്രദ്ധേയമാകുന്നത്.




