തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ചൂടുപിടിക്കുമ്പോൾ യുഡിഫിനായി രംഗത്തിറങ്ങാൻ വെൽഫെയർ പാർട്ടി. വട്ടിയൂർക്കാവിലും പൂഞ്ഞാറിലും ത്രികോണ മത്സരം ഉണ്ടാകില്ല. രണ്ടിടത്തും യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് തന്നെയാണ് വെൽഫെയർ പാർട്ടി വോട്ട് നൽകുക എന്നും, ബിജെപിക്ക് വിജയസാധ്യതയുള്ള നേമം, കഴക്കൂട്ടം, മലമ്പുഴ മണ്ഡലങ്ങളിൽ ആർക്ക് വോട്ട് നൽകണമെന്ന് സർവ്വേയുടെ അടിസ്ഥാനത്തിൽ ആയിരിക്കും തീരുമാനമെടുക്കുകയെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി അറിയിച്ചിട്ടുണ്ട്.
ബിജെപിയെ കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അനുവദിക്കില്ല എന്ന ലക്ഷ്യത്തോടെയാണ് വെൽഫെയർ പാർട്ടി യുഡിഫിനായി പ്രചാരണത്തിനിറങ്ങുന്നത്. യുഡിഫിന്റെ എല്ലാ സ്ഥാനാർഥികളെയും പിന്തുണക്കുമെന്നാണ് പാർട്ടി അറിയിച്ചിരിക്കുന്നത്. ഇന്ന് മുതൽ എല്ലാ വേദികളിലും യുഡിഫ് പ്രവർത്തകരോടൊപ്പം വെൽഫെയർ പാർട്ടിയും രംഗത്ത് ഉണ്ടാകും. കലാശക്കൊട്ടിനും ഇറങ്ങാൻ തീരുമാനമായിട്ടുണ്ട്.




