കൊച്ചി: ഗുരുവായൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ. ബി ഗോപാലകൃഷ്‌ണൻ നടത്തിയ വിദ്വേഷ പരാമർശത്തിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് ഹൈക്കോടതി. മാതൃകാപെരുമാറ്റച്ചട്ടം എന്തിനാണെന്നും കോടതി ചോദിച്ചു. നടപടി തുടങ്ങിയെന്നും പരാമർശത്തിന്റെ വീഡിയോ നീക്കം ചെയ്‌തെന്നുമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുൽ ആണ് ഇതുസംബന്ധിച്ച് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
കഴിഞ്ഞ 25 വർഷമായി ഗുരുവായൂർ മണ്ഡലത്തിൽ ഒരു ഹിന്ദു എംഎൽഎ ഉണ്ടായിട്ടില്ല എന്നാണ് ഗോപാലകൃഷ്‌ണൻ പറഞ്ഞത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണ് ഇത്തരമൊരു വിദ്വേഷ പരാമർശം. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തണം എന്നതുൾപ്പെടെ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. ഗോകുൽ നേരത്തേ തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. ഇത് രണ്ട് മാസത്തിനകം അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.
48 ശതമാനം ഹിന്ദുക്കളുള്ള മണ്ഡലത്തിൽ ഹിന്ദു എംഎൽഎ വരണമെന്നായിരുന്നു ഗോപാലകൃഷ്ണന്റെ വാദം. ഗുരുവായൂരിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന വേളയിലായിരുന്നു വിവാദ പ്രസംഗം. പ്രസംഗത്തിനെതിരെ മറ്റ് മുന്നണികൾ രംഗത്തെത്തി. പലരും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഇതോടെ ഗോപാലകൃഷ്ണനെ അയോഗ്യനാക്കുമോ എന്ന സംശയത്തിൽ ബിജെപി ഡമ്മി സ്ഥാനാർത്ഥിയെ ഉൾപ്പെടെ സജ്ജമാക്കിയിരുന്നു.




