കൊൽക്കത്ത: കൊൽക്കത്ത മെട്രോയുടെ നോർത്ത്–സൗത്ത് കോറിഡോറിൽ ശനിയാഴ്ച സർവീസുകൾ താൽക്കാലികമായി തടസ്സപ്പെട്ടു. കാളിഘട്ട് സ്റ്റേഷനിൽ 40 വയസ്സുള്ള സ്ത്രീ പാളത്തിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെത്തുടർന്നാണ് ഗതാഗതം നിർത്തിവച്ചത്.
ഉച്ചയ്ക്ക് 1.06ഓടെയാണ് സംഭവം നടന്നത്. സ്ത്രീയുടെ നീക്കം ശ്രദ്ധിച്ച മോട്ടോർമാൻ സമയോചിതമായി ട്രെയിൻ നിർത്തിയതോടെ വലിയ അപകടം ഒഴിവായി. യുവതിയെ പരിക്കുകളില്ലാതെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തെ തുടർന്ന് മൈതാൻ മുതൽ ദക്ഷിണേശ്വർ വരെയും മഹാനായക് ഉത്തംകുമാർ മുതൽ ഷാഹിദ് ഖുദിറാം സ്റ്റേഷൻ വരെയും മാത്രമായി സർവീസ് പരിമിതപ്പെടുത്തി. ഏകദേശം 20 മിനിറ്റ് തടസ്സം നേരിട്ട ശേഷം ഉച്ചയ്ക്ക് 1.29ഓടെ സർവീസ് പൂർണമായും സാധാരണ നിലയിലായി.




