കർണാടക: കർണാടകയിലെ കലബുറഗി ജില്ലയിൽ പട്ടാപ്പകൽ നടുറോട്ടിൽ ക്രൂര കൊലപാതകം. മഹാരാഷ്ട്ര സ്വദേശിനിയായ ഷൈലയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് അക്ഷയെ പൊലീസ് അറസ്റ്റ്ചെയ്തു.
പോലീസ് വിവരങ്ങൾ പ്രകാരം, ഷൈലയും അക്ഷയും തീർത്ഥാടന കേന്ദ്രമായ ഗണഗപുരയിലേക്ക് കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം നടന്നത്. രാവിലെ പതിനൊന്നോടെ ബല്ലൂർഗ് ഗ്രാമപരിസരത്ത് എത്തിയപ്പോൾ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് അക്ഷയ് ഷൈലയെ കാറിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ടു.
നടുറോഡിൽ സഹായത്തിനായി നിലവിളിച്ച ഷൈലയെ അക്ഷയ് പരസ്യമായി ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. നാട്ടുകാർ പകർത്തിയ ദൃശ്യങ്ങളിൽ, ഷൈലയെ വലിച്ചിഴച്ച് കത്തി കൊണ്ട് കഴുത്തിൽ മുറിവേൽപ്പിക്കുകയും മർദിക്കുകയും ചെയ്യുന്നതാണ് കാണുന്നത്.
സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ചിലർ ഇടപെട്ട് ഷൈലയെ രക്ഷിക്കാൻ ശ്രമിക്കുകയും കാറിൽ കയറ്റുകയും ചെയ്തു. എന്നാൽ തുടർന്ന് സമീപത്തെ നിർജ്ജന സ്ഥലത്തേക്ക് കാറോടിച്ചെത്തിയ അക്ഷയ് വീണ്ടും ഷൈലയെ പുറത്തേക്ക് തള്ളിയിട്ട് കാറ് കയറ്റി കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷൈല സംഭവസ്ഥലത്ത് തന്നെ മരിച്ചു.
സംഭവത്തിനു ശേഷം പ്രതി രക്ഷപ്പെട്ടെങ്കിലും പിന്നീട് പൊലീസ് ഇയാളെ പിടികൂടി. കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.മഹാരാഷ്ട്രയിലെ ബാരാമതി സ്വദേശികളായ ഇവർ നാലു വർഷം മുമ്പാണ് വിവാഹിതരായത്. ഷൈലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.





