ന്യൂഡൽഹി: ഹൈക്കോടതി ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് സുപ്രധാന നിർദേശം. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രാജ്യത്തെ 25 ഹൈക്കോടതി ചീഫ് ജസ്റ്റിസ്മാർക്ക് കത്ത് അയച്ചു.
ഹൈക്കോടതികളിലെ ജഡ്ജിമാരുടെ ഒഴിവുകളിലേക്ക് ശുപാർശകൾ വൈകാതെ നൽകണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. നിയമനത്തിൽ ഉണ്ടാകുന്ന താമസം ഉന്നത നീതിന്യായ സംവിധാനത്തെയും ബാധിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കൂടാതെ, വനിതകളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകണമെന്നും നിർദേശിച്ചു. യോഗ്യരായ വനിത അഭിഭാഷകരെ കണ്ടെത്തി ശുപാർശ ചെയ്യാൻ ഹൈക്കോടതി കൊളീജിയങ്ങൾ ശ്രദ്ധിക്കണമെന്നും കത്തിൽ പറയുന്നു.
ഇതിനിടെ, കേരള ഹൈക്കോടതിയിൽ ഏഴ് ജഡ്ജിമാരുടെ ഒഴിവുകളുണ്ടെന്ന് കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്‌വാൾ പാർലമെന്റിൽ അറിയിച്ചു. കേരള ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിമാരുടെ 35യും അഡീഷണൽ ജഡ്ജിമാരുടെ 12 തസ്തികകളും നിലവിലുണ്ട്.
അഭിഭാഷക ശ്രീജ വിജയലക്ഷ്മിയെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം നൽകിയ ശുപാർശ ഇപ്പോഴും കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്. 2023 ഡിസംബർ 5നാണ് ആദ്യ ശുപാർശ നൽകിയതും പിന്നീട് 2024 ഏപ്രിലിൽ വീണ്ടും ആവർത്തിച്ചതും. എന്നാൽ ഇതിൽ ഇതുവരെ അന്തിമ തീരുമാനം വന്നിട്ടില്ലെന്നാണ് സൂചന.
അതേസമയം, സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷക ലിസ് മാത്യു, കേരള ഹൈക്കോടതിയിലെ അഭിഭാഷക എ.കെ. പ്രീത എന്നിവരെയും ജഡ്ജിമാരാക്കാൻ ശുപാർശ നൽകിയിട്ടുണ്ട്. ശേഷിക്കുന്ന ഒഴിവുകളിലേക്കുള്ള ശുപാർശകൾ ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.




