മലപ്പുറം: ജില്ലയിൽ ദേശീയപാത നിർമാണം നിശ്ചിത സമയത്ത് പൂർത്തിയായില്ല. ഇന്ന് ആയിരുന്നു മുഴുവൻ പ്രവൃത്തികളും അവസാനിപ്പിക്കാനുള്ള അവസാന തീയതി. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ മുതൽ ടോൾ നിരക്ക് വർധിപ്പിക്കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചിരുന്നുവെങ്കിലും, നിർമാണം പൂർത്തിയാക്കാൻ ഇനി ഒരു മാസം കൂടി വേണ്ടിവരുമെന്ന സാഹചര്യത്തിൽ കാലാവധി നീട്ടാൻ തീരുമാനിച്ചു.
കുറ്റിപ്പുറം, കൂരിയാട് മേഖലകളിൽ ഏകദേശം ഒന്നര കിലോമീറ്റർ ദൂരമാണ് ഇനി ബാക്കി. കുറ്റിപ്പുറം റെയിൽവേ പാലവും അനുബന്ധ റോഡും 90 ശതമാനം പൂർത്തിയായിട്ടുണ്ട്. കൈലാസ് ഓഡിറ്റോറിയത്തിന് എതിർവശത്തും റോഡ് നിർമാണം പുരോഗമിക്കുകയാണ്. കുറ്റിപ്പുറം ഹൈവേ ജംഗ്ഷനിൽ നിന്ന് ദേശീയപാതയിലേക്കുള്ള സർവീസ് റോഡ് അടച്ചിട്ടാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.
കൂരിയാട് പാലത്തിന്റെ നിർമാണവും അവസാനഘട്ടത്തിലാണ്. എന്നാൽ, ഏപ്രിൽ 1 മുതൽ ടോൾ നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനം മാറ്റമില്ലാതെയാണ് തുടരുന്നത്. നിർമാണം പൂർണമായും പൂർത്തിയാകുന്നതിന് മുമ്പ് നിരക്ക് ഉയർത്തുന്നത് പ്രതിഷേധങ്ങൾക്ക് ഇടയാക്കാൻ സാധ്യതയുണ്ടെന്നാണ് ആശങ്ക. കാലാവധി നീട്ടിയ സാഹചര്യത്തിൽ ടോൾ വർധനയും നീട്ടണമെന്നാണ് ആവശ്യം. ഇതുസംബന്ധിച്ച് ദേശീയപാത അതോറിറ്റി ആലോചന നടത്തുകയാണ്.
പുതിയ നിരക്കനുസരിച്ച് ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 5 രൂപയും ഹെവി വാഹനങ്ങൾക്ക് 20 രൂപയും വർധിക്കും. മാസപ്പാസിന് 10 രൂപ അധികമാകും. ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 150 രൂപയാണ് ടോൾ; 24 മണിക്കൂറിനുള്ളിൽ മടക്കയാത്രയ്ക്ക് 225 രൂപ. ലൈറ്റ് കമേഴ്സ്യൽ വാഹനങ്ങൾക്ക് 240 രൂപയും, അതേ ദിവസം മടങ്ങിയാൽ 365 രൂപയും ഈടാക്കും. ബസ്/ട്രക്ക് വിഭാഗത്തിന് 505 രൂപയും, വ്യാവസായിക വാഹനങ്ങൾക്ക് 555 രൂപയും നിരക്കാണ്. ഹെവി കൺസ്ട്രക്ഷൻ മെഷിനറി വാഹനങ്ങൾക്ക് 795 രൂപയും, ഏഴ് ആക്സിലുകൾക്കും അതിൽ കൂടുതലുള്ള വാഹനങ്ങൾക്ക് 970 രൂപയും ഈടാക്കും.




