ഇടുക്കി: ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെതിരെ ഡിസിസി പ്രസിഡന്റ് സിപി മാത്യു നടത്തിയ അധിക്ഷേപ പരാമർശത്തിൽ കോൺഗ്രസിനുള്ളിൽ കടുത്ത പ്രതിഷേധം. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് എഐസിസിക്കും കെപിസിസി അധ്യക്ഷനുമാണ് പരാതി നൽകിയത്.
സംഘടനാ വിരുദ്ധവും നിരന്തരം പാർട്ടി പ്രവർത്തകരെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങളുമാണ് ഡിസിസി പ്രസിഡന്റിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് പരാതിയിൽ പറയുന്നു. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി മുനീറാണ് പരാതി സമർപ്പിച്ചത്.
ഡിസിസി പ്രസിഡന്റിനെതിരെ സോഷ്യൽ മീഡിയയിലും വ്യാപക വിമർശനം ഉയരുന്നുണ്ട്. രാജി ആവശ്യപ്പെട്ടുള്ള പ്രചാരണങ്ങളും ശക്തമാണ്. അതേസമയം, തൊടുപുഴയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വി ഡി സതീശനെ ഉയർത്തി പ്രകടനം നടത്തിയവർക്കെതിരെ സിപി മാത്യു നടപടി സ്വീകരിച്ചതിനെ തുടർന്നാണ് വിവാദം കൂടുതൽ രൂക്ഷമായത്.
പിന്നാലെ ഡീൻ കുര്യാക്കോസിനെതിരെ കടുത്ത ഭാഷയിൽ വിമർശനങ്ങൾ സിപി മാത്യു ഉയർത്തിയതും പാർട്ടിക്കുള്ളിൽ ഭിന്നത ശക്തമാക്കി. വിഷയത്തിൽ നേതൃത്വം ഇടപെട്ട് നടപടിയെടുക്കണമെന്ന ആവശ്യമാണ് യൂത്ത് കോൺഗ്രസ് ഉന്നയിക്കുന്നത്.






