കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. ടി കെ ഗോവിന്ദനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചില്ലെന്നും പാര്‍ട്ടി വിടുമെന്നത് മുന്‍കൂട്ടി കാണാനോ അതിനനുസരിച്ച് പ്രവര്‍ത്തിക്കാനോ കഴിഞ്ഞില്ല. പോകുന്നവര്‍ പോകട്ടെ എന്ന നിലപാടാണ് സ്വീകരിച്ചത് എന്നാണ് ഉയര്‍ന്ന വിമര്‍ശനം.
സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റിലും നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. റീൽസ് പ്രചരണത്തിലാണ് ചിലർക്ക് താൽപര്യമെന്നും ചിലരുടെ ഫോട്ടോകളും വീഡിയോകളും മാത്രം സ്റ്റാറ്റസ് വെയ്ക്കുന്നതാണ് അവർക്ക് രാഷ്ട്രീയ പ്രവർത്തനമെന്നും ആരോപണമുയർന്നു. സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ വിമര്‍ശനം ഉയർന്നിരുന്നു. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനം തെറ്റെന്നായിരുന്നു വിമര്‍ശനം.
തെരഞ്ഞെടുപ്പില്‍ തോറ്റതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പിണറായി വിജയന്‍ തയ്യാറാകുന്നില്ല. തോറ്റിട്ടും വീണ്ടും നേതാവാകുന്നത് ശരിയല്ല. മന്ത്രിമാരുടെ പ്രവര്‍ത്തനം ശരിയായിരുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. മുന്‍ മന്ത്രികൂടിയായ വീണാ ജോര്‍ജ്ജിനെ ഇരുത്തിക്കൊണ്ടായിരുന്നു വിമര്‍ശനം.






