ലഖ്‌നൗ: പരീക്ഷാ ചോദ്യപേപ്പർ ചോർത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ സംഭവത്തിൽ ലഖ്‌നൗ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജന്തുശാസ്ത്ര വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ പരംജിത് സിങ്ങിനെയാണ് ഹസൻഗഞ്ച് പൊലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തത്.
പ്രൊഫസറും വിദ്യാർത്ഥിനിയും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ ഓഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് നടപടി. സംഭാഷണത്തിനിടെ പ്രൊഫസർ വിദ്യാർത്ഥിനിയോട് അശ്ലീല രീതിയിൽ സംസാരിക്കുകയും പരീക്ഷയിൽ സഹായം നൽകാമെന്നും ചോദ്യപേപ്പർ ചോർത്തി നൽകാമെന്നും വാഗ്ദാനം ചെയ്തതായും പരാതിയിൽ പറയുന്നു.
വിദ്യാർത്ഥിനി നേരിട്ട് നൽകിയ പരാതിയും ഓഡിയോ തെളിവുകളും അടിസ്ഥാനമാക്കി സർവകലാശാല പരീക്ഷാ കൺട്രോളർ നൽകിയ പരാതിയിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കേസ് അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് (മഹാനഗർ) നേരിട്ട് അന്വേഷിക്കുന്നു.
ഇത്തരം വിഷയങ്ങളിൽ സർവകലാശാലയ്ക്ക് ‘സീറോ ടോളറൻസ്’ നയമാണുള്ളതെന്നും സ്ഥാപനത്തിന്റെ അക്കാദമിക് അന്തരീക്ഷത്തെ ബാധിക്കുന്ന ഒരു നടപടിയും അനുവദിക്കില്ലെന്നും സർവകലാശാല അധികൃതർ അറിയിച്ചു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ വൈസ് ചാൻസലർ ആഭ്യന്തര പരാതി പരിഹാര സമിതിയോട് നിർദേശം നൽകിയിട്ടുണ്ട്.




