കണ്ണൂർ: വിദേശ ജയിലിൽ നിന്ന് മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചയാളെ ലഹരിമരുന്ന് കടത്തുന്നതിനിടെ ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കരിക്കോട്ടക്കരി വിളയാങ്കോട് സ്വദേശിയായ ടി. ഫസലുദ്ദീനാണ് ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തുന്നതിനിടെ പിടിയിലായത്.
സൗദി അറേബ്യയിൽ ജോലി ചെയ്യുന്നതിനിടെ മംഗളൂരു സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിച്ചിരുന്ന ഫസലുദ്ദീൻ ഏകദേശം പത്ത് വർഷത്തോളം സൗദി ജയിലിലായിരുന്നു. തുടർന്ന് കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ച് നാട്ടുകാരും സന്നദ്ധ സംഘടനകളും ചേർന്ന് സമിതി രൂപീകരിക്കുകയും നിയമസഹായം ഉൾപ്പെടെ ഒരുക്കുകയും ചെയ്തു. ഏകദേശം 80 ലക്ഷം രൂപ സമാഹരിച്ച് മോചനദ്രവ്യം നൽകിയതിനെ തുടർന്നാണ് ഏതാനും വർഷങ്ങൾക്ക് മുൻപ് ഇയാൾ മോചിതനായി നാട്ടിലെത്തിയത്.
നാട്ടിലെത്തിയ ശേഷം കർണാടകയിൽ ജോലി ചെയ്യുന്നുവെന്നായിരുന്നു പൊതുവേയുള്ള ധാരണ. എന്നാൽ ബംഗളൂരു കേന്ദ്രീകരിച്ച് ലഹരിമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഓരോ തവണ കർണാടകയിൽ നിന്ന് മടങ്ങിവരുമ്പോഴും വലിയ തോതിൽ ലഹരിവസ്തുക്കൾ കേരളത്തിലേക്ക് എത്തിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.
സംസ്ഥാന വ്യാപക ലഹരിവിരുദ്ധ നടപടിയായ ‘ഓപ്പറേഷൻ തൂഫാൻ’ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ഫസലുദ്ദീൻ അറസ്റ്റിലായത്. ഇയാളിൽ നിന്ന് ഗണ്യമായ അളവിൽ ലഹരിമരുന്ന് പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.
നാട്ടിലെത്തിയ ശേഷം സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഇയാൾ ഏർപ്പെടുന്നതായി നേരത്തേ പരാതികളുണ്ടായിരുന്നുവെന്നും നിലവിലെ അറസ്റ്റ് അതിന് കൂടുതൽ തെളിവായെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.


