ഹൈദരാബാദ്: രാജ്യത്തെ സ്വകാര്യ ബഹിരാകാശ ഗവേഷണ മേഖല നിർണായക നേട്ടത്തിലേക്ക്. ഹൈദരാബാദ് ആസ്ഥാനമായ സ്‌കൈറൂട്ട് എയ്റോസ്പേസിന്റെ വിക്രം-1 റോക്കറ്റിന്റെ ആദ്യ വിക്ഷേപണം ജൂലൈ 18ന് നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ആദ്യ വിക്ഷേപണ പാഡിൽ നിന്നാണ് റോക്കറ്റ് വിക്ഷേപിക്കുന്നത്. ഇന്ത്യൻ സമയം രാവിലെ 11.30നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിലെ ഒരു ഇന്ത്യൻ കമ്പനി പൂർണമായും തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ച ഓർബിറ്റൽ ക്ലാസ് റോക്കറ്റ് ആദ്യമായി ഇന്ത്യൻ മണ്ണിൽ നിന്ന് ഭ്രമണപഥത്തിലെത്താൻ ഒരുങ്ങുകയാണ്.
വിക്ഷേപണത്തിന് മുന്നോടിയായി വ്യോമ, നാവിക ഗതാഗത നിയന്ത്രണ ഏജൻസികൾ സുരക്ഷാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുജന സുരക്ഷ ഉറപ്പാക്കാൻ റോക്കറ്റിന്റെ സഞ്ചാരപാത ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ‘ആഗമൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം ആഗോള ഉപഗ്രഹ വിക്ഷേപണ രംഗത്ത് ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് പുതിയ അവസരങ്ങൾ തുറക്കുമെന്നാണ് വിലയിരുത്തൽ.



