ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട് രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ജൂലൈ 17ന് ട്രാക്കിലിറങ്ങും. ജിന്ദ്-സോനിപത് റൂട്ടിലാണ് ഹൈഡ്രജൻ ട്രെയിൻ സർവീസ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും.
പൂർണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ പദ്ധതി ഇന്ത്യൻ റെയിൽവേയിലെ വലിയ മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്. പരമ്പരാഗത ഇന്ധനങ്ങൾക്ക് പകരം ശുദ്ധമായ ഊർജം ഉപയോഗിക്കുന്നതിനാൽ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനമെന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണിത്.
മലിനീകരണം കുറയ്ക്കുകയും സ്വയംപര്യാപ്തമായ റെയിൽ ഗതാഗത സംവിധാനം ഒരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഹൈഡ്രജൻ ട്രെയിൻ പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തെ റെയിൽ ഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾക്ക് ഈ പദ്ധതി വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.


