കീവ്: സൗദി അറേബ്യയിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ റഷ്യ രഹസ്യാന്വേഷണ സഹായം നൽകിയതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി ആരോപിച്ചു. ആക്രമണത്തിന് മുമ്പ് റഷ്യൻ ഉപഗ്രഹങ്ങൾ പ്രധാന സൈനിക കേന്ദ്രങ്ങളുടെ ചിത്രങ്ങൾ ശേഖരിച്ചതായി യുക്രെയ്ൻ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.
മാർച്ച് 26-ന് സൗദിയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിന് നേരെയാണ് ഇറാൻ ആക്രമണം നടത്തിയത്. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഈ താവളത്തിന്റെ ചിത്രങ്ങൾ ആക്രമണത്തിന് മുൻപ് പലവട്ടം റഷ്യൻ ഉപഗ്രഹങ്ങൾ പകർത്തിയതായാണ് ആരോപണം.
മിഡിൽ ഈസ്റ്റിലെ മറ്റ് പ്രധാന കേന്ദ്രങ്ങളും റഷ്യ നിരീക്ഷിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ഡീഗോ ഗാർഷ്യ, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം, ഖത്തറിലെ അൽ ഉദൈദ് എയർ ബേസ് തുടങ്ങിയ സ്ഥലങ്ങളും ചിത്രീകരിച്ചതായി പറയുന്നു.
റഷ്യ ഇറാനെ സഹായിക്കുന്നതിലൂടെ സാമ്പത്തികവും തന്ത്രപരവുമായ നേട്ടങ്ങൾ ലക്ഷ്യമിടുന്നുവെന്നാണ് സെലെൻസ്കിയുടെ ആരോപണം. ഇത് ക്രൂഡ് ഓയിൽ വില വർദ്ധിപ്പിക്കാനും പാശ്ചാത്യ രാജ്യങ്ങളുടെ ശ്രദ്ധ യുക്രെയ്നിൽ നിന്ന് മാറ്റാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഈ ആരോപണങ്ങൾ റഷ്യ നിഷേധിച്ചു. ഇറാനുമായി സൈനിക സഹകരണമുണ്ടെങ്കിലും രഹസ്യാന്വേഷണ വിവരങ്ങൾ നൽകിയിട്ടില്ലെന്നാണ് റഷ്യയുടെ നിലപാട്.




