ന്യൂഡൽഹി: ഇന്ത്യ- പാകിസ്ഥാൻ സംഘർഷങ്ങളിൽ പാക്കിസ്ഥാനൊപ്പമെന്ന് വീണ്ടും ആവർത്തിച്ച് തുർക്കി. പാക്കിസ്ഥാനെതിരെയുള്ള മിസൈൽ ആക്രമണങ്ങളെ തുർക്കി മുൻപും അപലപിച്ചതാണെന്നും പ്രസിഡന്റ് എർദൊഗാൻ ആവർത്തിച്ചു. ഇപ്പോഴത്തെ വെടിനിർത്തൽ തുടരുകയും അതുപോലെ പാക്കിസ്ഥാനെതിരെ ആക്രമണങ്ങൾ പാടില്ലായെന്നും തുർക്കി ആവശ്യപ്പെട്ടു.
സിന്ധു നദീജല തർക്കം അടക്കം വെടി നിർത്തലിനിടെ ചർച്ച ചെയ്യണമെന്നും തുർക്കി ആവശ്യപ്പെടുന്നു. പെഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരിന് പിന്നാലെ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് തുർക്കി. ഇന്ത്യക്കെതിരെ പാകിസ്ഥാൻ പ്രയോഗിച്ച ഡ്രോണുകളിൽ തുർക്കി ഡ്രോണുകളുമുണ്ടെന്ന് നേരത്തെ ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചിരുന്നു.






