ബെംഗളൂരു: ബെംഗളൂരു മെട്രോയിൽ സ്ത്രീകളെ മോശമായി ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച യുവാവ് പിടിയിൽ. ഹാവേരി സ്വദേശി ദിഗന്ത് ആണ് അറസ്റ്റിലായത്. ‘മെട്രോ ചിക്സ്’ എന്ന പേരിൽ 13 വീഡിയോകളും മറ്റ് ചിത്രങ്ങളുമാണ് ഇയാൾ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തത്. ബെംഗളൂരു പീനിയയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മെട്രോയിൽ സഞ്ചരിക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ അവരറിയാതെ ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത് അവ വിൽപ്പന നടത്തി വന്നിരുന്ന ‘ബാംഗ്ലൂർ മെട്രോ ചിക്സ്’ എന്ന പേജ് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് ബെംഗളൂരു പോലീസ് കേസെടുത്തത്. ഇതിനൊപ്പം ദൃശ്യങ്ങൾ വിൽക്കാൻ ടെലഗ്രാം ചാനലുമുണ്ടായിരുന്നു. ഈ ചാനൽ വഴിയാണ് വീഡിയോ വിൽക്കാറുണ്ടായിരുന്നത്. കേസെടുത്തതിന് പിന്നാലെ ഇൻസ്റ്റ പേജിലെ ചിത്രങ്ങളും വീഡിയോകളും നീക്കം ചെയ്തിട്ടുണ്ട്. പേജിനൊപ്പം നൽകിയിരുന്ന ടെലഗ്രാം ചാനലും പൂട്ടിയെന്ന് പോലീസ് വ്യക്തമാക്കി.






