തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. മുതിര്‍ന്ന സിപിഐഎം നേതാക്കളായ, എ.സി മൊയ്തീന്‍, പി.കെ ബിജു, എം.എം വര്‍ഗീസ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിപ്പട്ടികയില്‍. ഇവരെ കൂടാതെ അനധികൃതമായി ലോണ്‍ തരപ്പെടുത്തിയവരുള്‍പ്പെടെ കേസില്‍ 80 പേര്‍ പ്രതിപട്ടികയിലുണ്ട്. കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക.
അസിസ്റ്റന്റ് ഡയറക്ടര്‍ നിര്‍മ്മല്‍ കുമാര്‍ മോച്ഛ ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. അഡ്വക്കേറ്റ് സന്തോഷ് ജോസ് മുഖേനയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ പി എം എല്‍ എ പരിധിയില്‍ വരാത്ത പ്രതികളുടെ പട്ടിക പൊലീസിന് കൈമാറുമെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. സാങ്കേതിക നടപടിക്രമം എന്ന നിലയില്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷമായിരിക്കും കൈമാറ്റം.സിപിഐഎം മുന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് എന്നിവരടക്കം 20 പേരെ പ്രതിചേര്‍ക്കാന്‍ ഇഡിക്ക് അനുമതി ലഭിച്ചിരുന്നു.
കേസില്‍ രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണ പരിധിയിലുള്ള മുഴുവന്‍ ആളുകള്‍ക്കും എതിരെ അന്വേഷണം നടത്തണമന്നും മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം നല്‍കിയിരുന്നു. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പൊലീസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നത് ഹൈക്കോടതിയെ ചൊടിപ്പിച്ചിരുന്നു.






