ബംഗാൾ : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുർഷിദാബാദിലും മാൾഡയിലും നടന്ന അക്രമങ്ങൾ മമത സർക്കാരിന്റെ ക്രൂരതയുടെയും നിസ്സംഗതയുടെയും പ്രതീകമാണെന്നും മോദി വിശേഷിപ്പിച്ചു. ക്രൂരത എന്ന് അർഥം വരുന്ന ‘നിർമമത ‘ എന്ന വാക്കാണ് ഇവിടെ മോദി മമതക്കെതിരെ ഉപയോഗിച്ചത്. തൃണമൂൽ കോൺഗ്രസ് ക്രമസമാധാനം പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും പൗരന്മാരുടെ ദുരവസ്ഥ അവഗണിക്കുന്നുവെന്നും മോദി ആരോപിച്ചു.
കൂടാതെ ആയിരക്കണക്കിന് അധ്യാപകരുടെയും അവരുടെ കുടുംബങ്ങളുടെയും ഭാവി ടിഎംസി സർക്കാർ നശിപ്പിച്ചെന്നും മുഴുവൻ വിദ്യാഭ്യാസ സമ്പ്രദായവും നശിച്ചുകൊണ്ടിരിക്കുകയാണെന്നും ഇപ്പോഴും അവർ തങ്ങളുടെ തെറ്റുകൾ സമ്മതിക്കാൻ വിസമ്മതിക്കുന്നു, പകരം കോടതികളെയാണ് കുറ്റപ്പെടുത്തുന്നതെന്നും മോദി പറഞ്ഞു. വഖഫ് നിയമ വിരുദ്ധ പ്രതിഷേധങ്ങളെ തുടർന്ന് മുർഷിദാബാദിൽ ഉണ്ടായ വർഗീയ കലാപം കഴിഞ്ഞ മാസമായിരുന്നു ബംഗാളിൽ അരങ്ങേറിയത്. അതേസമയം മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പാർട്ടി പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്നും ഹിന്ദുക്കളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ബിജെപി നേതാക്കൾ ആരോപിച്ചു.






