കോഴിക്കോട്: കഴിഞ്ഞ ദിവസം സ്റ്റോപ്പ് ഇല്ലാത്തിടത്ത് നിര്‍ത്താത്തിന് കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത സംഭവത്തില്‍ വിശദീകരണവുമായി യുവതി. സാമൂഹികമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായ സംഭവത്തിലാണ് മുംതാസ് ബീഗം നേരിട്ട് മാധ്യമങ്ങളിലൂടെ വിശദീകരണം നല്‍കിയത്. ചെയ്ത തെറ്റിനെ ന്യായീകരിക്കുന്നില്ലെന്നും പിഴ അടച്ച് പ്രശ്നം പരിഹരിച്ചതാണെന്നും എന്നാല്‍, ഇപ്പോള്‍ തനിക്കെതിരേ നടക്കുന്നത് സൈബര്‍ ആക്രമണമാണെന്നും മുംതാസ് പറഞ്ഞു.
ആ സമയത്തുണ്ടായ പാനിക്ക് സിറ്റുവേഷനില്‍ പറ്റിപ്പോയ അബദ്ധമാണ്. ഒരു എമര്‍ജന്‍സി സിറ്റുവേഷനില്‍ പറ്റിപ്പോയ അബദ്ധമായിരുന്നു. അതിനുള്ള ഫൈനും അടച്ചു. പ്രശ്നവും പരിഹരിച്ചു. അവരോട് ടോയ്‌ലറ്റിലേക്കാണെന്ന് പറഞ്ഞിരുന്നില്ല. ഈ ഒരു കേസിനെ പലതുമായും ബന്ധപ്പെടുത്തുന്നു. ഞാന്‍ ധരിച്ച വസ്ത്രം ഉള്‍പ്പെടെവെച്ച് പലതും പറയുന്നു. എല്ലാവരുടെ വീട്ടിലും സ്ത്രീകളുള്ളതാണ്. അവര്‍ക്ക് ഏത് സാഹചര്യത്തിലും പ്രശ്നങ്ങള്‍ വരാം. ഞാന്‍ ഒറ്റയ്ക്കാണ് സഞ്ചരിച്ചിരുന്നത്. വേറെ ആരും കൂടെയുണ്ടായിരുന്നില്ല. വേറെ ഒരു പിന്തുണയും കിട്ടിയില്ല. അപ്പോള്‍ മൈന്‍ഡ് പെട്ടെന്ന് ട്രിഗര്‍ ആയി എന്നും അവര്‍ പറയുന്നു.




