കന്നഡ ഭാഷായുമായി ബന്ധപ്പെട്ട വിവാദത്തിൽ മാപ്പ് പറയില്ലെന്ന് വ്യക്തമാക്കി ചലച്ചിത്ര താരവും മക്കൾ നീതി മയ്യം അധ‍്യക്ഷനുമായ കമൽ ഹാസൻ. തെറ്റു പറ്റിയിട്ടുങ്കെിൽ മാപ്പ് പറയും തെറ്റില്ലാത്തതിനാൽ മാപ്പ് പറയില്ലെന്നും അദ്ദേഹം പറഞ്ഞു.ദക്ഷണേന്ത്യൻ ഭാഷകളോടുള്ള തന്റെ സ്നേഹം ആത്മാർഥമുള്ളതാണെന്നും കേരളത്തെയും കർണാടകയെയും ആന്ധ്രയെയും ഒരുപോലെ സ്നേഹിക്കുന്നയാളാണ് താനെന്നും കമൽ പറഞ്ഞു. കൂടാതെ ഇതിന് മുന്പും തനിക്കെതിരെ ഭീഷണികൾ ഉണ്ടായിട്ടുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. മണിരത്‌നം ചിത്രമായ തഗ് ലൈഫിന്റെ പ്രൊമോഷൻ വേദിയിലെ കമൽ ഹാസന്റെ കന്നഡ ഭാഷ പരാമർശമാണ് വിവാദങ്ങൾക്ക് വഴി വെച്ചത്.
കന്നഡ ഭാഷ തമിഴിൽ നിന്നും ഉത്ഭവിച്ചതാണെന്നായിരുന്നു തന്‍റെ പുതിയ ചിത്രമായ തഗ് ലൈഫിന്‍റെ ഓഡിയോ ലോഞ്ചിനിടെ കമൽ നടത്തിയ പ്രസ്താവന. പരാമർശം നടത്തിയതിനു പിന്നാലെ ബിജെപിയും കന്നഡ ഭാഷാ സംഘടനകളും രംഗത്തെത്തിയിരുന്നു. നിരവധി പേരാണ് കമലിനെതിരെയും കമലിന്റെ ചിത്രത്തിനെതിരെയും രംഗത്തെത്തിയത്. കമൽ ഹാസൻ മാപ്പ് പറയാത്തിടത്തോളം അദ്ദേഹത്തിന്റെ പുതിയ ചിത്രമായ തഗ് ലൈഫ് കർണാടകയിൽ പ്രദർശിപ്പിക്കില്ലെന്നും ഒരു വിഭാഗം പറഞ്ഞിരുന്നു.



