തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു. ചീഫ് സെക്രട്ടറി വിശ്വനാഥ് സിൻഹ, കെഎസ്ഇബി സി.എം.ഡി രാജമാണിക്യം എന്നിവർ യോഗത്തിൽ പങ്കെടുത്തു. പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണാൻ മുഖ്യമന്ത്രി നിർദേശം നൽകി.
ഇതര സംസ്ഥാനങ്ങളിൽനിന്ന് യൂണിറ്റിന് 10 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നതിനുള്ള പദ്ധതികൾ അടിയന്തരമായി നടപ്പാക്കുന്നതിനെക്കുറിച്ചും യോഗത്തിൽ ചർച്ചയായി.
അതേസമയം, സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിന്റെ സമയക്രമത്തിൽ മാറ്റം വരുത്തി. ഇതുവരെ വൈകിട്ട് 6.45 മുതലായിരുന്നു നിയന്ത്രണം ആരംഭിച്ചിരുന്നത്. ഇന്ന് മുതൽ വൈകിട്ട് 6.15 മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. 25 മിനിറ്റായിരിക്കും നിയന്ത്രണം.
നിലവിലെ വൈദ്യുതി പ്രതിസന്ധി സ്വിച്ച് ഇട്ടതുപോലെ പെട്ടെന്ന് പരിഹരിക്കാനാകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിസന്ധി തുടരുമെന്നും വരും ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം ആവശ്യമായി വരുമെന്നും മന്ത്രി പറഞ്ഞിരുന്നു.
വൈദ്യുതി ഏതെങ്കിലും ഒരു മാർക്കറ്റിൽ പോയി ഉടൻ വാങ്ങാൻ കഴിയുന്ന സാഹചര്യമല്ലെന്നും പുതിയ കരാറുകളിൽ ഏർപ്പെടാൻ മാസങ്ങൾ വേണ്ടിവരുമെന്നും മന്ത്രി വിശദീകരിച്ചു. ദിവസാടിസ്ഥാനത്തിൽ വൈദ്യുതി വാങ്ങാനുള്ള സംവിധാനമുണ്ടെങ്കിലും നിലവിൽ ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമല്ലെന്നും മന്ത്രി പറഞ്ഞു.
അഖിലേന്ത്യാ തലത്തിൽ വൈദ്യുതി ഉൽപ്പാദനം കുറയുകയും ആവശ്യം വർധിക്കുകയും ചെയ്യുന്നതിനാൽ വിതരണത്തിലും കുറവുണ്ടാകുന്ന സാഹചര്യമാണുള്ളതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.


