സുൽത്താൻ ബത്തേരി: വയനാട്ടിൽ വനത്തിനുള്ളിൽ അസ്ഥികൂടമായ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്ച്യാട് റേഞ്ചിൽ പള്ളിവയൽ പൂക്കക്കൂന്നിന് സമീപം ഉൾക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെ എട്ടരയോടെയാണ് വനത്തിലേക്ക് പോയ ഗോത്രവിഭാഗത്തിൽപ്പെട്ട ആളുകൾ മൃതദേഹം കണ്ടത്. തുടർന്ന് ഇവർ പൊലീസിനെ വിവരം അറിയിച്ചു. മൃതദേഹം പൂർണമായും അഴുകിയ നിലയിലായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
അതിനിടെ, ജൂലൈ 30 മുതൽ വടക്കനാട് പള്ളിവയൽ ഉന്നതിയിലെ 64കാരിയായ തങ്കിമരത്തിയെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ്, വനംവകുപ്പ്, നാട്ടുകാർ എന്നിവർ ചേർന്ന് തോട്ടങ്ങളിലും വനപ്രദേശങ്ങളിലും ജലാശയങ്ങളിലും തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ 43 ദിവസമായിട്ടും തങ്കിമരത്തിയെ കണ്ടെത്താനായിട്ടില്ല.
തങ്കിമരത്തിക്കായി തിരച്ചിൽ നടക്കുന്നതിനിടെ പൊലീസ് മൊഴിയെടുത്തതിന് പിന്നാലെ അവരുടെ കൊച്ചുമകൻ സുധീഷ് എന്ന മുരളി (29)യെയും കാണാതായിരുന്നു. മുരളിക്കായി നടത്തിയ തിരച്ചിലിനിടെ ഓഗസ്റ്റ് 16ന് യുവാവിനെ വീടിന് സമീപത്തെ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
തങ്കിമരത്തിയുടെ മകൾ ശാന്തയുടെ മകനാണ് മുരളി. തങ്കിമരത്തിയെ കാണാതായ സംഭവത്തിലും മുരളിയുടെ മരണത്തിലും പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് വനത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്.
മരിച്ചത് തങ്കിമരത്തിയാണോ എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ മൃതദേഹം തിരിച്ചറിയാനാകൂ. ഫോറൻസിക്, ഡിഎൻഎ പരിശോധനകൾ ഉൾപ്പെടെയുള്ള നടപടികൾ ആവശ്യമായി വരും.












