കോഴിക്കോട്: പി.എം. ശ്രീ പദ്ധതിക്കെതിരെ പ്രമേയവുമായി യൂത്ത് ലീഗ്. പദ്ധതിയുമായി ബന്ധപ്പെട്ട തുടർ നടപടികൾ റദ്ദാക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ഏതെങ്കിലും കാരണവശാൽ ഇത് സാധ്യമാകാത്ത സാഹചര്യമുണ്ടായാൽ പദ്ധതിയിൽനിന്ന് വിട്ടുനിൽക്കണമെന്നും ആവശ്യപ്പെട്ടു.
പി.എം. ശ്രീ പദ്ധതിയിലൂടെ ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) നടപ്പാക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്ന് യൂത്ത് ലീഗ് ആരോപിച്ചു. എൻ.ഇ.പി വഴി വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും യൂത്ത് ലീഗ് വിമർശിച്ചു.
പി.എം. ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച എൽഡിഎഫ് തീരുമാനം തെറ്റാണെന്നും അത് തിരുത്തുന്നതിനാണ് യുഡിഎഫിനെ അധികാരത്തിലെത്തിച്ചതെന്നും യൂത്ത് ലീഗ് പ്രതികരിച്ചു. സമഗ്ര ശിക്ഷ കേരള (എസ്.എസ്.കെ) ഫണ്ട് നേടിയെടുക്കുന്നതിനായി സുപ്രീംകോടതിയെ സമീപിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
അതേസമയം, പി.എം. ശ്രീ വിഷയത്തിൽ മുസ്ലിം ലീഗ് നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ സൂക്ഷ്മമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. വിഷയത്തിൽ ഉപസമിതിയുടെ റിപ്പോർട്ട് വരട്ടെയെന്നാണ് കെ.എം. ഷാജിയും എൻ. ഷംസുദ്ദീനും പ്രതികരിച്ചത്. പി.കെ. കുഞ്ഞാലിക്കുട്ടിയും വിഷയത്തിൽ കരുതലോടെയാണ് പ്രതികരിച്ചത്.
മുൻ സർക്കാർ വരുത്തിവച്ച പ്രതിസന്ധിയാണ് ഇപ്പോഴത്തെ സർക്കാരിനെ വെട്ടിലാക്കിയതെന്ന തരത്തിലായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. അതേസമയം, ഒരു കാരണവശാലും പി.എം. ശ്രീ പദ്ധതി നടപ്പാക്കരുതെന്ന നിലപാടാണ് മറ്റ് ലീഗ് നേതാക്കളും സ്വീകരിച്ചിട്ടുള്ളത്.












