വടക്കൻ സിക്കിമിലെ ഛാത്തനിൽ സൈനിക ക്യാമ്പിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചു. സംഭവത്തെ തുടർന്ന് ആറ് സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതായിരിക്കുകയാണ്. അതേസമയം പ്രതികൂലമായ കാലാവസ്ഥയിലും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞു . ഇന്നലെ വൈകീട്ടായിരുന്നു സംഭവം നടന്നത്. “ഇതുവരെ മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു, നാല് പേരെ നിസാര പരിക്കുകളോടെ രക്ഷപ്പെടുത്തി,” എന്ന് ഒരു സൈനീക ഉദ്യോഗസ്ഥൻ പറഞ്ഞതായി ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു .
അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിക്കിമിൽ തുടർച്ചയായി കനത്ത മഴ പെയ്യുന്നതിനാൽ നിരവധി പ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഗതാഗത തടസ്സങ്ങളും ഉണ്ടായി. പ്രദേശത്തെ ജനങ്ങളുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷ ഉറപ്പാക്കാൻ അധികൃതർ 24 മണിക്കൂറും പ്രവർത്തനം നടത്തുന്നുണ്ട് . കൂടാതെ മഴക്കെടുതിയിൽ വിവിധ പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. അതേസമയം വടക്കൻ സിക്കിമിലെ ലാച്ചുങ്ങിൽ നിന്ന് കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളുടെ ആദ്യ ബാച്ചിനെ സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നു.




