ന്യൂ ജേഴ്‌സി: ഫിഫ ലോകകപ്പ് 2026 ഫൈനലിൽ സ്പെയിനെ നേരിടാൻ അർജന്റീന തയ്യാറെടുക്കുന്നതിനിടെ, ആരാധകരുടെ ഹൃദയം തൊടുന്ന വൈകാരിക കുറിപ്പുമായി നായകൻ ലയണൽ മെസ്സി. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച തുറന്ന കത്തിൽ, അർജന്റീന ജഴ്സിയിൽ തന്റെ അന്താരാഷ്ട്ര കരിയർ അവസാനത്തോട് അടുക്കുകയാണെന്ന ശക്തമായ സൂചനയാണ് അദ്ദേഹം നൽകിയിരിക്കുന്നത്. കിരീടനേട്ടങ്ങളേക്കാൾ ഈ കൂട്ടായ്മയ്‌ക്കൊപ്പം ചെലവഴിച്ച നിമിഷങ്ങളാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് മെസ്സി കുറിച്ചു.
‘ഈ വർഷങ്ങളിലെല്ലാം ഏറ്റവും മനോഹരമായി തോന്നിയത് കിരീടങ്ങൾ മാത്രമായിരുന്നില്ല, മറിച്ച് നമ്മൾ ഒരുമിച്ച് താണ്ടിയ ഈ വഴികളാണ്. ഈ ഗ്രൂപ്പിനൊപ്പം ഓരോ ദിവസവും ചെലവഴിക്കുക, ഒരുമിച്ച് പോരാടുക, പ്രതിസന്ധി ഘട്ടങ്ങളിൽ ഒന്നിച്ച് എഴുന്നേൽക്കുക, ഓരോ ചുവടും ആസ്വദിക്കുക എന്നിവയെല്ലാം വലിയ അനുഭവമായിരുന്നു. ഈ ദേശീയ ടീമിനെ ഒരു കുടുംബമാക്കി നിലനിർത്താൻ ദിവസവും അധ്വാനിക്കുന്ന ഓരോ സഹതാരത്തിനും ടെക്നിക്കൽ സ്റ്റാഫിനും മറ്റ് എല്ലാ ജീവനക്കാർക്കും എന്റെ നന്ദി. നാളെ എന്ത് തന്നെ സംഭവിച്ചാലും, ആർക്കും മായ്ച്ചുകളയാൻ കഴിയാത്ത ഒരു ചരിത്രം ഈ സംഘം ഇതിനോടകം രചിച്ചു കഴിഞ്ഞു. കമോൺ അർജന്റീന!’ — മെസ്സി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.




