കോഴിക്കോട്: ദേശീയപാതയില്‍ വീണ്ടും വിള്ളല്‍. മലപ്പുറം ജില്ലയിലെ തലപ്പാറയ്ക്കും കൊളപ്പുറത്തിനും ഇടയില്‍ വികെ പടി വലിയപറമ്പിലാണ് വിള്ളൽ രൂപപ്പെട്ടത്. ദേശീയപാത ആറുവരിയാക്കുന്നതിന്‍റെ ഭാഗമായി മണ്ണിട്ടുയര്‍ത്തിയ ഭാഗത്തെ ഭിത്തിയിലെ കട്ടകളിലാണ് വിള്ളല്‍ കണ്ടെത്തിയത്. ഇവിടെ ദേശീയപാതയ്ക്ക് കുറുകെയുള്ള ഓവുപാലം അപകടകരമായ രീതിയില്‍ താഴ്ന്നിട്ടുണ്ട്.
തുടർന്ന് ദേശീയപാതയിൽ സുരക്ഷാ ഭീഷണി ഉയർന്നതിനാൽ ഗതാഗതം നിർത്തിവെച്ചു. നേരത്തെ ദേശീയപാത തകർന്നുവീണ കൂരിയാടുനിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരത്തിലാണ് ഇപ്പോൾ വിള്ളൽ കണ്ടെത്തിയ ഭാഗം. സംഭവത്തെ തുടർന്ന് മുസ്ലിം ലീഗ് പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിച്ചു.
സംസ്ഥാനത്തെ പുതിയ പാതയില്‍ സംഭവിക്കുന്നത് ഗൗരവുമുള്ള വിഷയങ്ങളാണെന്ന് സ്ഥലം സന്ദര്‍ശിച്ച പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ പറഞ്ഞു. പരിശോധനകള്‍ നടത്തി പരിഹാരം കാണാൻ ഇനിയും വൈകരുത്. ഭയമില്ലാതെ സഞ്ചരിക്കാനുള്ള സാഹചര്യം ഉണ്ടാകണം. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തിൽ ഉത്തരവാദിത്വമുണ്ട്. നടപടികള്‍ വൈകിയാല്‍ പ്രതിഷേധങ്ങളുമായി പ്രതിപക്ഷം മുന്നോട്ടുവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.






