കൊച്ചി: കാക്കനാട് ജില്ലാ ജയിലിൽ ക്രിമിനൽ പശ്ചാത്തലമുള്ളർക്ക് വിരുന്നൊരുക്കിയ സംഭവത്തിൽ കടുത്ത നടപടിക്ക് ഒരുങ്ങി ജയിൽ വകുപ്പ്. സംഭവത്തിൽ ജയിൽ ഡിജിപി, സൂപ്രണ്ടിനോട് റിപ്പോർട്ട് തേടി. ജയിൽ അധികൃതർക്ക് വീഴ്ച പറ്റി എന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്.
പൊലീസിൽ പരാതി നൽകുന്നതടക്കമുള്ള കാര്യങ്ങൾ ജയിൽ വകുപ്പിന്റെ പരിഗണനയിലാണ്. എത്തിയവർ ക്രിമിനൽ പശ്ചാത്തലം ഉള്ളവരാണെന്ന് അറിയില്ലെന്നായിരുന്നു സൂപ്രണ്ടിന്റെ വിശദീകരണം. ക്രിമിനൽ പശ്ചാത്തലമുള്ള മൂന്ന് പേർക്കാണ് ജില്ലാ ജയിലിൽ വിരുന്നൊരുക്കിയത്.
ക്രിമിനൽ പശ്ചാത്തലമുള്ളവർ സന്ദർശക രജിസ്റ്ററിൽ അവരുടെ പേര് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മേൽവിലാസം നൽകിയിരുന്നില്ല. ജയിലിനകത്ത് ദൃശ്യങ്ങൾ ചിത്രീകരിച്ചതിലും വീഴ്ചപറ്റി. വിരമിച്ച ഉദ്യോഗസ്ഥന്റെ ക്ഷണപ്രകാരമാണ് ഇവർ എത്തിയത് എന്നും ഉദ്യോഗസ്ഥൻ തോമസ് തങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും സൂപ്രണ്ട് വിശദീകരിച്ചു.






