ഞാന്‍ ഒരു വായനാടുകാരിയാണ്. വിരലിലെണ്ണാവുന്നവര്‍മാത്രമാണ് ഞങ്ങളുടെ നാട്ടില്‍ സിനിമ മേഖലയിലുള്ളവര്‍. അങ്ങനെ പണ്ടുതൊട്ടേ
കേള്‍ക്കുന്ന പേരാണ് അനീഷ് ഉപാസന. വയനാട്ടില്‍ നിന്ന് ആരെങ്കിലും കൊച്ചിക്ക് വണ്ടി കേറിയാല്‍ അവരൊക്കെ പറയുന്നത് അനീഷ് ഉപാസനയുടെ കൂടെയാണ് വര്‍ക്ക് ചെയ്യുന്നത് എന്നാണ്.
ഒരുപാട് സുഹൃത്തുക്കളും പരിജയക്കാരും പറഞ്ഞ് ആ പേര് അങ്ങനെ മനസില്‍ കയറികൂടിയിരുന്നു. പിന്നീട് ലാലേട്ടന്റെ പല ഫോട്ടോഷൂട്ടിലും ഈ പേര് വീണ്ടും വീണ്ടും കണ്ടു കേട്ടു. ആദ്യമൊക്കെ നാട്ടില്‍ പറഞ്ഞു കേള്‍ക്കുന്ന അനീഷ് ഉപാസനയും ഫോട്ടോഷൂട്ടില്‍ കാണുന്നതും രണ്ടാണെന്ന് കരുതിയ ഒരു വിഡ്ഢിയായിരുന്നു ഞാന്‍. പിന്നീടെപ്പോഴോ രണ്ടും ഒന്നാണെന്ന് മനസ്സിലാക്കി.

അങ്ങനെ ജോലിയുടെ ആവശ്യത്തിനായി കുടുംബമായി കൊച്ചിയിലേക്കെത്തി. അവിടുന്നും ഭര്‍ത്താവ് പറയുന്നത് കേട്ടു അനീഷ് ഉപാസനയെ കണ്ടു,അനീഷേട്ടന്റെ ഫ്‌ലാറ്റില്‍ പോയി എന്നൊക്കെ. തെളിവായി കൂടെ നിന്നുള്ള സെല്‍ഫിയും കണ്ടു. അപ്പോഴേ ചോദിയ്ക്കാന്‍ തുടങ്ങിയതാണ് പുള്ളി ആളെങ്ങനെ ജാഡയാണോ എന്നൊക്കെ. ആള് വളരെ കൂള്‍ ആണെന്നായിരുന്നു മറുപടി. അങ്ങനെയാണ് ഒന്ന് പരിജയപ്പെടണം എന്ന ആഗ്രഹം മനസില്‍കയറിയത്.
പക്ഷെ എങ്ങനെ? ഭര്‍ത്താവിന്റെ അടുപ്പം മുതലാക്കി കാണുന്നതില്‍ എന്തോ എന്റെ മനസ്സില്‍ അങ്ങനെ വേണ്ടായെന്നു തോന്നി. എന്റെ ആഗ്രഹം ഞാന്‍ ഉള്ളിലൊതുക്കി. കൊച്ചിയിലെത്തിയെങ്കിലും അനീഷേട്ടനെ പരിജയപ്പെടാനുള്ള ഒരവസരവും എനിക്ക് മുന്നില്‍ ഉണ്ടായിരുന്നില്ല.

ആദ്യത്തെ സ്ഥാപനത്തിന്‍ നിന്നും പുതിയ ജോലിയിലേക്ക് എത്തിപ്പെട്ടപ്പോള്‍ നിയോഗം പോലെ എന്റര്‍ടൈന്‍മെന്റ് ചാനലിന്റെ ചുമതല എനിക്ക് ലഭിച്ചു. എന്റെ ആഗ്രഹത്തെ പൊടിതട്ടിയെടുത്തു. ആഗ്രഹം കൊണ്ട് മാത്രം എന്ത് കാര്യം ഇന്റര്‍വ്യു ചോദിച്ചാല്‍ തരുമോ എന്നുപോലും അറിയില്ല. എങ്കിലും ചോദിക്കെണ്ട ജോലി ഭര്‍ത്താവിനെ തന്നെ ഏല്‍പ്പിച്ചു.
പുതിയ ജോലിയിലെത്തി ആകെ രണ്ടോ മുന്നോ പേരെ മാത്രം ഇന്റര്‍വ്യൂ ചെയ്ത പരിജയം കൈമുതലായുള്ള ഞാന്‍ എന്ത് ആത്മവിശ്വാസത്തിന്റെ പുറത്താണ് ഇങ്ങനൊരു കാര്യം ആവശ്യപ്പെട്ടതെന്നുപോലും എനിക്കറിയില്ല. എങ്കിലും കുറേ ആഗ്രഹിച്ചത് കൊണ്ടാണോ എന്നറിയില്ല ഇന്റര്‍വ്യൂ തരാമെന്ന് അനീഷ് ഉപാസന സമ്മതിച്ചു….. (തുടരും)
Content: When I first met Aneesh Upasana




