ന്യൂയോര്‍ക്ക്: ത്രെഡ്സില്‍ ഡയറക്റ്റ് മെസ്സേജിംഗ് സൗകര്യം അവതരിപ്പിച്ച് മെറ്റ. 2023-ല്‍ ത്രെഡ്സ് പുറത്തിറങ്ങിയതുമുതല്‍ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ട ഫീച്ചറുകളിലൊന്നായിരുന്നു ഇത്. ഈ മാസം മുതല്‍ ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് ത്രെഡ്സ് ആപ്പിനുള്ളില്‍ നിന്ന് നേരിട്ട് സ്വകാര്യമായി സന്ദേശങ്ങള്‍ അയക്കാന്‍ കഴിയുമെന്ന് കമ്പനി അറിയിച്ചു. സ്വകാര്യ സംഭാഷണങ്ങള്‍ക്കായി ഇന്‍സ്റ്റാഗ്രാമിലേക്ക് മാറേണ്ട ബുദ്ധിമുട്ട് ഇതോടെ ഒഴിവാകും.
പ്രാരംഭ ഘട്ടത്തില്‍ അടിസ്ഥാനപരമായ ഡിഎം പ്രവര്‍ത്തനങ്ങള്‍ മാത്രമേ ത്രെഡ്സില്‍ ലഭ്യമാകൂ. ഉപയോക്താക്കള്‍ക്ക് പരസ്പരം ചാറ്റുകള്‍ ആരംഭിക്കാനും, ഇമോജികള്‍ ഉപയോഗിച്ച് പ്രതികരിക്കാനും, സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്യാനും, സ്പാം റിപ്പോര്‍ട്ട് ചെയ്യാനും ഈ പുതിയ ഫീച്ചറിലൂടെ സാധിക്കും. ഭാവിയില്‍, ഗ്രൂപ്പ് ചാറ്റുകള്‍, മെസ്സേജ് ഫില്‍ട്ടറുകള്‍, വിപുലീകരിച്ച മെസ്സേജിംഗ് കണ്‍ട്രോളുകള്‍ എന്നിവയുള്‍പ്പെടെ ഇന്‍സ്റ്റാഗ്രാമിന് സമാനമായ കൂടുതല്‍ ഫീച്ചറുകള്‍ ത്രഡ്സില്‍ മെറ്റ അവതരിപ്പിക്കാനുള്ള സാധ്യതയുമുണ്ട്.
നിലവില്‍ ഈ പുതിയ ഡിഎം ഫീച്ചര്‍ 18 വയസ്സിന് മുകളിലുള്ള ഉപയോക്താക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ജപ്പാന്‍, ഓസ്ട്രേലിയ, യുകെ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ ഇത് ലഭ്യമാകില്ല. ഈ ഘട്ടത്തില്‍ ഫോളോവേഴ്സിനും പരസ്പരം ഇന്‍സ്റ്റാഗ്രാം കണക്ഷനുകള്‍ ഉള്ളവര്‍ക്കും ഇടയില്‍ മാത്രമേ ത്രെഡ്സ് മെസ്സേജിംഗ് അനുവദിക്കൂ. ഈ ഫീച്ചര്‍ ഏറെ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകളും ഉയര്‍ത്തുന്നുണ്ട്. ത്രെഡ്സിലെ സന്ദേശങ്ങള്‍ക്ക് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ലഭ്യമല്ല.






