വാഷിംങ്ടൺ: അമേരിക്കയിൽ അലാസ്ക (Earthquake Hits Alaska) തീരത്ത് റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഇന്ത്യൻ സമയം പുലർച്ചെ രണ്ട് മണിയോടെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. അലാസ്കയിലെ ദ്വീപ് നഗരമായ സാൻഡ് പോയിന്റിൽ നിന്ന് 87 കിലോമീറ്റർ അകലെ കടലിലായാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്.
കടലിലുണ്ടായ ഭൂചലനത്തെത്തുടർന്ന് അധികൃതർ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം ഭൂചലനത്തെ തുടർന്ന് കാര്യമായ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ദക്ഷിണ അലാസ്കയിലും അലാസ്ക ഉപദ്വീപിലുമാണ് സുനാമി മുന്നറിയിപ്പ് നിലനിൽക്കുന്നത്. മറ്റ് സ്ഥലങ്ങളിൽ സുനാമി മുന്നറിയിപ്പ് ഇതുവരെ നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.






