മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസൺ പ്രധാന വിക്കറ്റ് കീപ്പറായി കളിക്കും. ശുഭ്മൻ ഗിൽ വൈസ് ക്യാപ്റ്റനായി ടീമിലെത്തി. വാർത്താ സമ്മേളനത്തിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ബിസിസിഐ സിലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും പങ്കെടുത്തു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30ന് ടീം പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മൂന്നു മണിയോടെയാണ് വാർത്താ സമ്മേളനം തുടങ്ങിയത്. മുംബൈയിലെ കനത്ത മഴ കാരണം ബിസിസിഐ പ്രതിനിധികളിൽ പലരും വൈകിയാണ് ബിസിസിഐ ആസ്ഥാനത്തെത്തിയത്. യശസ്വി ജയ്സ്വാളിനെയും ശ്രേയസ് അയ്യരെയും ടീമിൽനിന്ന് ഒഴിവാക്കി.
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം– ശുഭ്മന്‍ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), തിലക് വർമ, ഹാർദിക് പാണ്ഡ്യ, റിങ്കു സിങ്, ശിവം ദുബെ, ഹർഷിത് റാണ, അക്ഷർ പട്ടേൽ, ജിതേഷ് ശർമ, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്.





