യുട്യൂബിൽ മാത്രം 20 കോടിയിലേറെ കാഴ്ചക്കാരെ നേടിയ കച്ചിസേറ, ആസ കൂടെ തുടങ്ങിയ തമിഴ് സിംഗിളുകളിലൂടെ അടുത്തകാലത്ത് യൂത്ത് സെൻസേഷനായി മാറിയ തെന്നിന്ത്യൻ ഇൻഡി സംഗീതസംവിധായകൻ സായ് ആഭ്യങ്കറുടെ ആദ്യ മലയാളഗാനം ഇരുകാതുംനീട്ടി സ്വീകരിച്ചു കഴിഞ്ഞു മലയാളികൾ. ഷെയ്ൻ നിഗം നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘ബാൾട്ടി’യിലെ ‘ജാലക്കാരി’ എന്നു തുടങ്ങുന്ന റൊമാന്റിക് നമ്പറാണ് ഇപ്പോൾ മ്യൂസിക് ആപ്പുകളിലും ഇൻസ്റ്റ റീലുകളിലും തരംഗമാകുന്നത്.
ഷെയ്നും പ്രീതി അസ്രാണിയും പ്രണയിതാക്കളായെത്തുന്ന ഈ ലവ് ട്രാക്ക് ആലപിച്ചിരിക്കുന്നത് സായിയും സുബ്ലാഷിണിയും ചേർന്നാണ്. വിനായക് ശശികുമാറിന്റേതാണ് വരികൾ.
നവാഗത സംവിധായകൻ ഉണ്ണി ശിവലിംഗം ഒരുക്കുന്ന ഈ സ്പോർട്സ് ആക്ഷൻ ചിത്രത്തിൽ സംഗീതത്തിനും ഏറെ പ്രാധാന്യമുണ്ട്. കുത്തുപാട്ടിന്റെ ശൈലിയിൽ നേരത്തെ പുറത്തിറങ്ങിയ ‘ബാൾട്ടി’യുടെ ടൈറ്റിൽ ഗ്ലിംപ്സും സംഗീതപ്രേമികളുടെ ശ്രദ്ധ നേടിയിരുന്നു. കേരള തമിഴ്നാട് അതിർത്തിഗ്രാമത്തിലെ ഒരുകൂട്ടം ചെറുപ്പക്കാരുടെ കബഡിയാവേശവും പ്രണയവും സൗഹൃദവുമെല്ലാം പറയുന്ന ഈ ചിത്രം ഷെയ്ൻ നിഗത്തിന്റെ കരിയറിലെതന്നെ ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്.






