കൊച്ചി: ഗൂഗിൾ പേ വഴി പണം കൈമാറിയെന്ന് വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് 10,000 രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. പെരുമ്പാവൂർ കാഞ്ഞിരക്കാട് പള്ളിപ്പടി ഭാഗത്ത് കോന്നംകുടി വീട്ടിൽ ആസിഫ് കെ. ഹസൻ (28) ആണ് അറസ്റ്റിലായത്. മൂവാറ്റുപുഴ എസ്എച്ച്ഒ സുബിൻ ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഈ മാസം 14ന് മൂവാറ്റുപുഴയിലെ എടിഎമ്മിൽ പണം നിക്ഷേപിക്കാനെത്തിയ ആളിൽനിന്നാണ് പ്രതി പണം തട്ടിയെടുത്തതെന്ന് പൊലീസ് അറിയിച്ചു.
എടിഎമ്മിൽനിന്ന് പണം പിൻവലിക്കാൻ കഴിയുന്നില്ലെന്നും പണം നൽകിയാൽ ഗൂഗിൾ പേ വഴി തിരികെ കൈമാറാമെന്നും പറഞ്ഞാണ് പ്രതി ആളുകളെ വിശ്വസിപ്പിച്ചിരുന്നത്. തുടർന്ന് പണം കൈപ്പറ്റിയശേഷം ഗൂഗിൾ പേ വഴി പണം അയച്ചതുപോലെ തോന്നിക്കുന്ന വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു.
ഇത്തരത്തിൽ മൂവാറ്റുപുഴയിലെ എടിഎമ്മിൽ പണം നിക്ഷേപിക്കാനെത്തിയ വ്യക്തിയിൽനിന്ന് 10,000 രൂപയാണ് പ്രതി തട്ടിയെടുത്തതെന്നാണ് കേസ്.
സമാനമായ തട്ടിപ്പുകേസിൽ നേരത്തെയും പ്രതി റിമാൻഡിൽ കഴിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇയാൾ ഇതേ രീതിയിൽ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
എസ്ഐമാരായ ആർ.ബി. റോഷ്നി, സി.ബി. അനിൽകുമാർ എന്നിവരും സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സന്ദീപ് ബാബു, ഇർഫാൻ ഹബീബ്, എം.പി. രതീഷ്, ശ്രീജു രാജൻ, വിപിൻ വർക്കി, ഷിജു രാജപ്പൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് റിമാൻഡ് ചെയ്തു.


