പാരീസ്: ലോകഫുട്ബോളിലെ ഏറ്റവും പ്രതിഷ്ഠയേറിയ ബാലൺ ഡി ഓർ പുരസ്കാരങ്ങളുടെ 69-ാമത് ജേതാക്കളെ ഇന്ന് പ്രഖ്യാപിക്കും. പാരീസിൽ രാത്രി 12.30ന് നടക്കുന്ന പുരസ്കാരദാനച്ചടങ്ങ് സോണി സ്പോർട്സ് നെറ്റ്‌വർക്കിലും സോണി ലിവ് ആപ്പിലും തത്സമയം കാണാനാകും. 12 തവണ പുരസ്കാരജേതാക്കളായ ലിയോണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇത്തവണ സാധ്യതാ പട്ടികയിൽ പോലും ഇടംനേടിയിട്ടില്ലാത്തതിനാൽ പുതിയ താരമാണ് ബാലൺ ഡി ഓർ നേടുന്നത്. മുപ്പതംഗ ചുരുക്കപ്പട്ടികയിൽ കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നത് പിഎസ്‌ജിയുടെ ഫ്രഞ്ച് താരം ഒസ്മാൻ ഡെംബലേയ്ക്കും ബാഴ്സലോണയുടെ പതിനെട്ടുകാരനായ സ്പാനിഷ് താരം ലാമിൻ യമാലിനുമാണ്. പി.എസ്.ജിയെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ച ഡെംബലേ സീസണിൽ 35 ഗോളും 16 അസിസ്റ്റും നേടി ക്ലബ്ബിന് ഫ്രഞ്ച് ലീഗ് കിരീടവും ഉറപ്പിച്ചു. അതേസമയം, ലാ ലിഗ വിജയത്തിൽ നിർണായക പങ്കുവഹിച്ച യമാൽ 18 ഗോളും 25 അസിസ്റ്റും സ്വന്തമാക്കി. വോട്ടെടുപ്പിൽ മുന്നിലെത്തിയാൽ ബാലൺ ഡി ഓർ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോർഡ് യമാലിനാകും. മികച്ച പുരുഷ താരത്തിനൊപ്പം, വനിതാ താരം, മികച്ച യുവതാരത്തിനുള്ള കെപ ട്രോഫി, മികച്ച ഗോൾകീപ്പറിനുള്ള യാഷിൻ ട്രോഫി, ടോപ് സ്കോറർക്കുള്ള ഗെർഡ് മുള്ളർ ട്രോഫി, മികച്ച കോച്ചിനുള്ള യോഹാൻ ക്രൈഫ് ട്രോഫി ജേതാക്കളെയും ഇന്ന് പ്രഖ്യാപിക്കും.






