പാരിസ്: ഫുട്ബോൾ ലോകത്തെ ഈ വർഷത്തെ മികച്ച താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്കാരം പി എസ് ജി താരം ഒസ്മാൻ ഡെംബലെയ്ക്ക്. ബാഴ്‌സലോണയുടെ യുവതാരം ലാമിൻ യമാലിനെ പിന്തള്ളി ഫ്രഞ്ച് സ്‌ട്രൈക്കർ ഡെംബലെ പുരസ്കാരം സ്വന്തമാക്കി.
പുരസ്കാര വേദിയിൽ വികാരഭരിതനായ ഡെംബലെ, തന്റെ കരിയറിലെ ഈ ഉയർച്ച എളുപ്പത്തിൽ കൈവരിച്ചിട്ടില്ലെന്ന് ഓർമ്മിപ്പിക്കുകയും പി.എസ്.ജി ക്ലബിനോടും പരിശീലകൻ ലൂയിസ് എൻറികിനോടും പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ സീസണിൽ പി.എസ്.ജിയെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഡെംബലെ, ഫ്രഞ്ച് ലീഗിലും ക്ലബ്ബിനെ വിജയത്തിലേക്ക് എത്തിച്ചിരുന്നു. 35 ഗോളുകളും 16 അസിസ്റ്റുകളും നൽകി അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചു. യൂറോകപ്പിന് ശേഷമുള്ള മത്സരങ്ങളിലെ പ്രകടനമാണ് പുരസ്കാരത്തിന് പരിഗണിച്ചത്.
വനിതാ താരങ്ങളിൽ മികച്ചവളായി ബാഴ്‌സലോണയുടെ ഐറ്റാന ബോൺമാറ്റിയെ തെരഞ്ഞെടുത്തു. മികച്ച യുവതാരത്തിനുള്ള കോപാ ട്രോഫി ബാഴ്‌സലോണയുടെ ലാമിൻ യമാൽ കരസ്ഥമാക്കി.






